- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും വിദ്യാർത്ഥിയാത്രാനിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകൾ ചൊവ്വാഴ്ച പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപക പണിമുടക്ക്. ബസ് ഉടമ സംയുക്തസമിതിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
നിരക്ക് വർധന സർക്കാർ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ബസുകളിൽ നിരീക്ഷണ ക്യാമറയും, ഡ്രൈവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വകാര്യബസുകാർ എതിർക്കുന്നുണ്ട്. എണ്ണായിരത്തോളം സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ പരമാവധി ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി. ക്രമീകരണം ഏർപ്പെടുത്തി.
സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.



