തിരുവനന്തപുരം: ശബരിമല സീസണിൽ ബസുടമകൾ സമ്മർദ്ദതന്ത്രം പ്രയോഗിക്കുകയാണെന്നും സ്വകാര്യ ബസ് സമരം അനവസരത്തിലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. സീറ്റ് ബെൽറ്റ്, ബസിലെ കാമറ എന്നിവയിൽ നിന്നും പിന്നോട്ടു പോയിട്ടില്ല. വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വിഷയത്തിൽ പഠനം നടക്കുകയാണെന്നും ഗതാഗതമന്ത്രി പറഞ്ഞു.

നാലു വർഷത്തിനിടെ സ്വകാര്യബസുകൾക്ക് ടിക്കറ്റ് ചാർജ് വർധിപ്പിച്ചു കൊടുത്ത ഏക കാലഘട്ടം ഇതാണ്. അതിനെയൊക്കെ വിസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കണമെന്ന കാര്യമാണ് സ്വകാര്യ ബസുകാർ ഇപ്പോൾ ഉന്നയിക്കുന്നത്. ഇത് അനാവശ്യമായ കാര്യമാണെന്നൊന്നും താൻ പറയുന്നില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്.

പക്ഷെ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് ഒരു സാമൂഹിക വിഷയമാണ്. ശബരിമല സീസണിൽ തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമ്മർദ്ദ തന്ത്രത്തിലൂടെ കാര്യങ്ങൾ നേടാമെന്നാണ് സ്വകാര്യ ബസുടമകൾ കരുതുന്നതെങ്കിൽ ആ നീക്കം ശരിയല്ല. അതിൽ ബസുടമകൾ പുനർവിചിന്തനം നടത്തണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

കാമറയും സീറ്റ് ബെൽറ്റും യഥാർത്ഥത്തിൽ പ്രയോജനം ചെയ്യാൻ പോകുന്നത് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കും വാഹനത്തിലെ ജീവനക്കാർക്കുമാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഒന്നാം തീയതി മുതൽ ഹാജരാക്കുന്ന, കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റും കാമറയും നിർബന്ധമാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞ് നിർത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രിക്കെതിരെ ബസുടമകൾ രംഗത്തെത്തി. ശബരിമല സീസണിലെ സമ്മർദ്ദ തന്ത്രമെന്ന പ്രസ്താവന തെറ്റാണ്. ശബരിമല സീസണിൽ എവിടെയാണ് സ്വകാര്യ ബസുകൾക്ക് അനുമതി നൽകാറുള്ളത്. സമരം ഭാഗികമല്ല. എവിടെയും സ്വകാര്യ ബസ് ഓടുന്നില്ല. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ചർച്ചയ്ക്കില്ലെന്നും അവർ പറഞ്ഞു.