കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ട്യൂഷൻ സെന്റിറിൽ അദ്ധ്യാപകന്റെ ക്രൂരമർദനം. ദേഹമാസകലം അടിയേറ്റ നിലയിൽ പട്ടത്താനം സ്വദേശിയായ 12 വയസ്സുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിലും  പൊലീസിലും വീട്ടുകാർ പരാതി നൽകി. ട്യൂഷൻ ക്ലാസ് അദ്ധ്യാപകനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. ഇന്നലെയാണ് സംഭവം.

ഹോംവർക്ക് ചെയ്തുവെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷൻ ക്ലാസ് അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ റിയാസിനെതിരെയാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകർത്താക്കൾ അദ്ധ്യാപകൻ റിയാസിനെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ ക്രൂരമായി മർദ്ദിച്ചെന്ന് പിതാവ് പറഞ്ഞു.

മുമ്പ് ഒരു ദിവസം കുട്ടി ട്യൂഷന് പോയിരുന്നില്ല. അന്ന് പോവാത്തതിന്റെ ഹോം വർക്ക് ചെയ്തുകൊണ്ടുവരാൻ പറഞ്ഞിരുന്നു. ഇന്നലെ ട്യൂഷന് പോയപ്പോൾ ഹോം വർക്ക് ചെയ്തുവെന്ന് കുട്ടി കള്ളം പറഞ്ഞുവെന്ന് ആരോപിച്ച് വടികൊണ്ട് പലതവണയായി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണ്.

ട്യൂഷൻ കഴിഞ്ഞ് മകൻ വീട്ടിലെത്തിയപ്പോൾ വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണെല്ലാം ചുവന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു മകൻ. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ആദ്യം പറഞ്ഞിരുന്നില്ല. വീട്ടിലെത്തിയശേഷം മകളാണ് അടിയേറ്റ പാടുകൾ കണ്ടത്. തുടർന്ന് താൻ കടയിൽനിന്നെത്തി മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

വെറും അടിയല്ലെന്നും ക്രൂരമായ മർദനമാണെന്നും സംഭവം അറിഞ്ഞ് അദ്ധ്യാപകനെ വിളിച്ചപ്പോൾ അദ്ധ്യാപകരാകുമ്പോൾ കുട്ടികളെ അടിക്കുമെന്നായിരുന്നു മറുപടിയെന്നും പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരും റിപ്പോർട്ട് നൽകിയിട്ടുണ്ട്.