കണ്ണൂർ: കാപ്പ കേസിലെ പ്രതിയായതിനെ തുടർന്ന് നാടുകടത്തിയ യുവാവിനെ നിയമം ലംഘിച്ചു പൊലീസ് പിടികൂടാൻ ചെന്നത് നാടകീയ സംഭവവികാസങ്ങൾക്ക് ഇടയാക്കി. നാടുകടത്തിയ യുവാവ് വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരമനുസരിച്ചു തലശേരി ടൗൺ പൊലീസ് പിടികൂടുന്നതിനായി എത്തിയപ്പോൾ തലശേരിലെ കുയ്യാലിപ്പുഴയിൽ ചാടിയത് പരിഭ്രാന്തി പരത്തി.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പഴയ ലോട്ടസ് ടാക്കീസിന് സമീപം താമസിക്കുന്ന നടമ്മൽ ഹൗസിൽ സി. ജിതിനാണ് പൊലിസിനെ കണ്ടപ്പോൾ വീട്ടിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുന്നതിനിടെ കുയ്യാലി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ തലശേരി ഫയർഫോഴ്സ് അംഗങ്ങൾ ഇയാളെ പുഴയിൽ നിന്ന് പുറത്തെടുത്ത് പൊലിസിന് കൈമാറി.

നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തിയ പ്രതിയാണ് ജിതിൻ ഇയാൾക്കെതിരെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ സംഘം ചേർന്ന് തടഞ്ഞു വെച്ച് ദേഹോപദ്രപം ഏൽപ്പിച്ചതിനും, സ്ഫോടക വസ്തു കൈവശം വെച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയതിനും മൂന്ന് കേസുകൾ നിലവിലുണ്ട്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ റെയ്്ഞ്ച് ഡി. ഐ.ജി തോംസൺ ജോസന്റെ ഉത്തരവു പ്രകാരം ഇയാളെ പൊലിസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

എന്നാൽ ഇയാൾ തലശേരിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് ലോട്ടസ് ടാക്കീസിനു സമീപമുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്. പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഇയാൾ കുയ്യാലിപുഴയിൽ ചാടിയത്. പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു. ചിറക്കൽ സ്വദേശിയിൽ നിന്നും ഹണിട്രാപ്പിലൂടെ പണംതട്ടിയെടുത്തതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ജിതിൻ തലശേരി ടൗൺ പൊലീസിന് തീരാ തലവേദനയായതിനെ തുടർന്നാണ് കാപ്പചുമത്തി നാടുകടത്തിയത്. എന്നാൽ ഇയാൾ രഹസ്യമായി വീണ്ടും തലശേരിയിലെത്തി ഒളിവിൽ കഴിയുകയായിരുന്നു.