കണ്ണൂർ: കണ്ണൂർ ജില്ലയിൽ മൂന്ന് യുവാക്കളെ കൂടി ഒരേ ദിവസം കാപ്പചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ രണ്ടു യുവാക്കളെയും പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവാവിനെയുമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വേങ്ങാട് പടുവിലായി സ്വദേശി സായൂജ് (29) കൈതേരി സ്വദേശി ഹർഷീൻ ഹരീഷ്(26) എന്നിവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കാപ്പ ചുമത്തിയത്.

സായുജി നെതിരെ കുത്തുപറമ്പ്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ തടഞ്ഞു നിർത്തി ദേഹോപദ്രവമേൽപ്പിക്കൽ, ലഹള നടത്തൽ , കൊലപാതക ശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ. ആയുധം കൈവശം വയ്ക്കൽ , കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കൽ എന്നിങ്ങനെ ഏഴു കേസുകളുണ്ട്. സി.പി. എം പ്രവർത്തകൻ വാളാങ്കിച്ചാൽ മോഹനനെ കള്ളുഷാപ്പിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.

ഹർഷീൻ ഹരിഷിനെതിരെ കുത്തുപറമ്പ് . കാസർകോട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി തടഞ്ഞു നിർത്തി ദേഹോപദ്രവമേൽപ്പിക്കൽ, കൊലപാതക ശ്രമം, വേള നടത്തൽ, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ എന്നിങ്ങനെയായി ഒൻപതു കേസുകളും നിലവിലുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരമാണ് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസൻ ഇരുവർക്കുമെതിരെ കാപ്പ ചുമത്തി കൊണ്ടു നാടുകടത്താൻ ഉത്തരവിട്ടത്. വരും ദിവസങ്ങളിലും ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയാകുന്നവർക്കെതിരെ നടപടി ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

ഇതോടൊപ്പം പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെയും കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം കാപ്പനിയമ പ്രകാരം നാടുകടത്തിയിട്ടുണ്ട്. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർ സ്വദേശി അമൽരാജിനെയാ(23)യാണ് നാടുകടത്തിയത്. അമൽരാജിനെതിരെ പാനൂർ പൊലിസ് സ്റ്റേഷനിൽ,തടഞ്ഞു നിർത്തി ദേഹോപദ്രപം ഏൽപ്പിച്ചതിനും, കൂട്ടകവർച്ച നടത്തിയതിനും, പള്ളൂർ പൊലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം എൽപ്പിച്ചതിനും മൂന്ന് കേസുകൾ നിലവിലുണ്ട്.

കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തൽ നടപടി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഇയാളെ ഒരു വർഷത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവായത്.ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് പാനൂർ പൊലിസ് അറിയിച്ചു.

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.