തലശേരി: ഗർഭിണിയായ ഭാര്യയെ കിടപ്പുമുറിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഇരിവേരിയിലെ കണ്ണോത്ത് ഹൗസിൽ കെ.സി അരുണിനെ (43) ആണ് തലശേരി അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്.

ഗർഭിണിയെ കൊലപ്പെടുത്തിയതിന് 10 വർഷം അധിക തടവുണ്ട്. എന്നാൽ ശിക്ഷ ജീവപര്യന്തമായി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിലും നാലുമാസം അധികതടവ് അനുഭവിക്കണം. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വലിയന്നൂരിലെ ബീനാലയത്തിൽ ബിജിന യെ (24) ആണ് പ്രതി കുത്തി കൊലപ്പെടുത്തിയത്. ഒരുമൃഗങ്ങളോടും കൂടി കാണിക്കാത്ത ക്രൂരതയാണ് പ്രതി ബിജിനയോട് കാണിച്ചതെന്ന് ജഡ്ജി വിധി പറയുന്നതിനിടെ പറഞ്ഞു.

2012 ജൂലൈ മൂന്നിന് രാവിലെയായിരുന്നു കേസിനാസ്പദ സംഭവം. മൂന്നുമാസം ഗർഭിണിയായിരുന്ന ബിജിനയെ കിടപ്പുമുറിയിൽ വച്ച് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ചികിത്സയ്ക്കിടയിൽ അന്ന് വൈകിട്ട് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ബിജിനയുടെ സഹോദരൻ പി.കെ ജയരാജന്റെ പരാതിയിലാണ് ചക്കരക്കല്ല് പൊലീസ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ കെ.അജിത്ത്കുമാർ ഹാജരായി.