കൊച്ചി: സ്‌കൂൾ ഉച്ചഭക്ഷണം നൽകുന്നതിനുള്ള കേന്ദ്ര വിഹിതം വൈകിപ്പിച്ചെന്ന സംസ്ഥാനത്തിന്റെ ആരോപണം തെറ്റാണെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേന്ദ്ര വിഹിതം നൽകാൻ വൈകിയിട്ടില്ലെന്നും നടപടികളെടുക്കുന്നതിൽ സംസ്ഥാനം വരുത്തിയ വീഴ്ച മൂലമാണു ജൂലൈയിൽ തന്നെ കേന്ദ്ര വിഹിതം നൽകാനാകാതെ വന്നതെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്ര വിഹിതം വൈകുന്നതാണ് ഫണ്ട് വിതരണത്തിന് തടസ്സമെന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചത്. എന്നാൽ കേന്ദ്ര വിഹിതത്തിനായുള്ള ഈ വർഷത്തെ അപേക്ഷ സംസ്ഥാനം നൽകിയത് ജൂലൈ നാലിനാണെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു. ആവശ്യമായ ചെക്ക് ലിസ്റ്റ് നൽകിയത് ജൂലൈ 13നാണ്. ഇതാണ് ഫണ്ട് വൈകാൻ കാരണം.

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകണമെന്നും തുക മുൻകൂർ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഡപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു ഇക്കാര്യം അറിയിച്ചത്. വിശദീകരണത്തിന് സംസ്ഥാന സർക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് ടി.ആർ.രവി ഹർജി 6ന് പരിഗണിക്കാൻ മാറ്റി.

മുൻ വർഷത്തെ അധിക കേന്ദ്ര വിഹിതവും സംസ്ഥാനത്തിന്റെ ആനുപാതിക വിഹിതവും ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് സംസ്ഥാനം മാറ്റിയിരുന്നില്ല. കേന്ദ്ര മന്ത്രാലയം ഇക്കാര്യവും മറ്റു ചില അപാകതകളും ഓഗസ്റ്റ് 8ന് ചൂണ്ടിക്കാട്ടി. എന്നാൽ സെപ്റ്റംബർ 13നു മാത്രമാണ് പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് ഫണ്ട് സർക്കാർ നിക്ഷേപിച്ചത്. കേന്ദ്രത്തിന് വിശദീകരണം ഇ മെയിൽ വഴി നൽകിയത് സെപ്റ്റംബർ 15നും. ഇതു ലഭിച്ചയുടൻ തന്നെ കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡു നൽകാൻ നടപടിയെടുത്തു. സെപ്റ്റംബർ 22ന് തുക നൽകിയെന്നും ഡപ്യൂട്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി.