വർക്കല: കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിൽ നിന്നും ലോട്ടറിക്കച്ചവടക്കാരനെ ലക്ഷപ്രഭുവാക്കി മാറ്റി ഭാഗ്യദേവതയുടെ അനുഗ്രഹം. ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഗൾഫിലെ ജോലിവിട്ടു നാട്ടിൽ മടങ്ങിയെത്തി ലോട്ടറി കച്ചവടം ചെയ്ത അനിലിനെ മുക്കാൽ കോടി രൂപയുടെ ഉടമയാക്കി ഭാഗ്യദേവത അനുഗ്രഹിച്ചത്. വിൻവിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്കാണ് വർക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടിൽ ആർ.അനിൽകുമാർ (52) അർഹനായത്.

സ്വന്തമായി വീടില്ലാത്ത അനിൽ കുമാറും കുടുംബവും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. വാടക കുടിശ്ശിക നൽകാൻ പണമില്ലാത്തതിനാൽ ഇവിടവും നഷ്ടമാകും എന്ന അവസ്ഥയിൽ നിന്നാണ് അനിലിനെ തേടി ഭാഗ്യം എത്തിയത്. മറ്റൊരു കച്ചവടക്കാരന്റെ കയ്യിൽ നിന്നു വാങ്ങിയ മൂന്നു ടിക്കറ്റുകളിലൊന്നിനാണു സമ്മാനം. മറ്റു ടിക്കറ്റുകൾക്ക് പ്രോത്സാഹാന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു.

റാസൽഖൈമയിൽ മൂന്നു വർഷത്തോളം കെമിക്കൽ കമ്പനിയിൽ ജോലിചെയ്‌തെങ്കിലും ഒരുവർഷം മുൻപ് നാട്ടിലേക്ക് മടങ്ങിയത് വെറുംകയ്യോടെയായിരുന്നുവെന്നു അനിൽകുമാർ പറഞ്ഞു. ഫീസിനു നിവൃത്തിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയിൽ മുടങ്ങിയിരുന്നു. പ്രഭുലയാണ് ഭാര്യ. കാവ്യ, ശ്രീലക്ഷ്മി എന്നിവർ മക്കളും.