കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ ഏഴുവർഷം കഠിന തടവിനു ശിക്ഷിച്ചു. എരൂർ വെസ്റ്റ് മാപ്പുഞ്ചേരി വീട്ടിൽ തങ്കച്ചനെ (55) യാണ് എറണാകുളം അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രഹന രാജീവൻ ശിക്ഷിച്ചത്. 2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന ഭാര്യയെ വഴിയിൽവെച്ച് അരിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ഹിൽപ്പാലസ് പൊലീസ് സ്റ്റേഷൻ എസ്‌ഐ. ആയിരുന്ന എം. പ്രദീപ്, എഎസ്ഐ. ജയരാജ് എന്നിവരാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ജി. മേരി ഹാജരായി.