കണ്ണൂർ: തലശേരി അഡീഷൽ സെഷൻസ് രണ്ട്, മൂന്ന് കോടതികളും അസി. സെഷൻസ് കോടതിയും രണ്ടു ദിവസത്തേക്ക് അടച്ചിടും. ഇവിടെ ജോലി ചെയ്യുന്ന ജഡ്ജുമാർക്കും ജീവനക്കാർക്കും ശാരീരികമായ അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് താൽക്കാലികമായ അടച്ചിടൽ.

ജില്ലാകോടതി കെട്ടിടസമുച്ചയത്തിൽ ജോലി ചെയ്തിരുന്ന ജഡ്ജിമാർക്കും ജീവനക്കാരിൽ ചിലർക്കും അലർജിയെന്നു തോന്നിക്കുന്ന അജ്ഞാത അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് കോടതി നടപടികൾ താൽക്കാലികമായ നിർത്തി വെച്ചത്. ദേഹമാസകലം അസഹ്യമായ ചൊറിച്ചലും തുടർന്നുള്ള ശാരീരികപ്രയാസവുമാണ് അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വനിതാ ജഡ്ജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരിൽ പലരും തലശേരിയിലെ വിവിധ ആശുപത്രികളിൽ തന്നെയാണ് ചികിത്സ തേടിയത്.

ഒരേകെട്ടിടത്തിന്റെ താഴെയും മുകളിലുമായി പ്രവർത്തിക്കുന്ന അഡീഷനൽ ജില്ലാകോടതി രണ്ടിലും മൂന്നിലുമാണ് ഫംഗൽ അലർജിക്ക് സമാനമായ രോഗലക്ഷണമുള്ളത്. മൂന്നാം അഡീഷനൽ കോടതിയിലെ ന്യായാധിക റൂബി കെ.ജോസാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ളത്. ജില്ലാകോടതിക്കായി പണിപൂർത്തിയായി വരുന്ന എട്ടുനിലയുള്ള പുതിയ കോടതി കോംപ്ളക്സ് കെട്ടിടത്തിന്റെ തൊട്ടടുത്താണ് അഡീഷനൽ ജില്ലാകോടതികൾ പ്രവർത്തിക്കുന്നത്.

പ്രവൃത്തി നടക്കുന്ന പകൽമുഴുവൻ ഇവിടെ നിന്നും പൊടിപടലങ്ങൾ ഉയർന്നു പാറുന്നുണ്ട്. പൂർത്തിയായ കെട്ടിട നിലകളിൽ പെയിന്റ് ചെയ്യുമ്പോൾ ഇതിന്റെ തിന്നർ, പുട്ടി തുടങ്ങിയവയിൽ നിന്നും കെമിക്കലുകൾ ഉയർന്ന് സമീപത്തെ കോടതിമുറികളിലെത്തുന്നുണ്ട്. തറനിരപ്പിൽ നിന്നും മണ്ണുകിളച്ചു മാറ്റിയാണ് പുതിയ കോംപ്ളക്സിന്റെ അടിവശത്തായി വാഹനപാർക്കിങിനായി സൗകര്യമൊരുക്കുന്നത്. കടൽതീരത്തിനടുത്തുള്ള ഭൂമി കിളച്ചു കോരുമ്പോൾ ഈ മണ്ണിന് സ്വാഭാവികമായ സങ്കീർണതയുമുണ്ടാകും. ഇതിന്റെയെല്ലാം പരിണിതഫലമായാണ് തൊട്ടടുത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഉദ്യോഗസ്ഥർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്.

മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയതിനെ തുടർന്നാണ് രോഗബാധയുള്ള കോടതി ഓഫീസും ഹാളും രണ്ടുദിവസത്തേക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടച്ചിട്ടത്. ജീവനക്കാർക്കും ന്യായാധിപന്മാർക്കും ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ട രണ്ടു അഡീഷനൽ കോടതികളിലും ജില്ലാ ജഡ്ജ് സന്ദർശനം നടത്തിയിട്ടുണ്ട്. ഇവിടെ സിറ്റിങിൽ പങ്കെടുക്കാനെത്തിയ അഭിഭാഷകരിൽ ആർക്കെങ്കിലും അവിചാരിതമായി ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിഷയം ഗൗരവമായി കണ്ടു ഉടൻ ബാർ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. കോടതി ഹാളിലും മറ്റുംതലശേരി ആരോഗ്യവിഭാഗം ഫോഗിങ് നടത്തിയിട്ടുണ്ട്.