- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിവെള്ള പൈപ്പിന് റോഡിൽ കുഴിയെടുക്കുമ്പോൾ തർക്കം; പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടു പേർക്ക് കുത്തേറ്റു
റാന്നി: ജൽജീവൻ പദ്ധതിയുടെ കുടിവെള്‌ല പൈപ്പുകൾ സ്ഥാപിക്കാൻ റോഡരികിൽ കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ രണ്ടു പേർക്ക് കുത്തേറ്റു. കൊറ്റനാട് ഗ്രാമപ്പഞ്ചായത്തംഗത്തിനും സമീപവാസിയായ യുവാവിനുമാണ് കുത്തേറ്റത്. 11-ാംവാർഡംഗം കെ.ജി.സനൽകുമാർ(39), ചാലാപ്പള്ളി കുന്നം കാട്ടികംപൂവത്തിനാൽ ജ്യോതിലാൽ(21) എന്നിവർക്കാണ് കത്തിക്കുത്തേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കുന്നം ചൂരക്കുന്നത്ത് ബാലചന്ദ്രനെ (61) പെരുമ്പെട്ടി പൊലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച 9.30-നാണ് സംഭവം. കുന്നം മുഞ്ഞനാട്ടുപടി-മഞ്ഞളാംകുഴി റോഡിൽ ജൽജീവൻ മിഷന്റെ പൈപ്പിടുന്നതിന് മണ്ണുമാന്തിയന്ത്രം എത്തിയതോടെയാണ് നാട്ടുകാരനായ ബാലചന്ദ്രൻ എതിർപ്പുമായി വന്നതെന്ന് പഞ്ചായത്തംഗം പറഞ്ഞു. ഇത് താൻ പണംചെലവിട്ട് പണിത റോഡാണെന്നുപറഞ്ഞ്, കുഴിയെടുക്കുന്നത് ബാലചന്ദ്രൻ തടഞ്ഞു. ജോലിക്കാർ വിവരമറിയിച്ചപ്പോഴാണ് സനൽകുമാർ എത്തിയത്.
തർക്കത്തെത്തുടർന്ന് റോഡിന്റെ മറ്റൊരുഭാഗത്ത് കുഴിയെടുക്കാനായി മണ്ണുമാന്തിയന്ത്രം മാറ്റി. ഇതിനിടെ, കുഴിയെടുപ്പിക്കില്ലെന്നുപറഞ്ഞ് ബാലചന്ദ്രൻ, കടലാസിൽ പൊതിഞ്ഞുവെച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വയറിൽ ഇടതുഭാഗത്താണ് കത്തികൊണ്ടത്. ഓടിയെത്തിയ ജ്യോതിലാലിനുനേരേയും കത്തി വീശി. ഇയാളുടെ നെഞ്ചിലാണ് പരിക്ക്. ഒഴിഞ്ഞുമാറിയതിനാലാണ് സാരമായി പരിക്കേൽക്കാത്തത്.
ഇവിടെയുള്ളവർചേർന്ന് പണം ചെലവഴിച്ചാണ് 400 മീറ്റർ ദൂരത്തിൽ 12 വർഷം മുമ്പ് പൊതുറോഡ് നിർമ്മിച്ചതെന്നും മെമ്പർ പറയുന്നു. ഇതിൽ ബാലചന്ദ്രനും ഉണ്ടായിരുന്നു. പഞ്ചായത്ത് നേരത്തേ, ചെറുകിട ജലവിതരണ പദ്ധതിക്ക് പൈപ്പിടാൻ ശ്രമിച്ചപ്പോഴും ഇയാൾ തടഞ്ഞെന്ന് പഞ്ചായത്തംഗം പറഞ്ഞു. എട്ട് കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാനാണ് ഇവിടെ പൈപ്പിടുന്നത്. പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.



