മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇന്നലെ ഒരു കോടി രൂപയുടെ സ്വർണം പിടിച്ചു. മൂന്ന് യാത്രക്കാരിൽനിന്നായി 1.02 കോടി രൂപയുടെ സ്വർണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ്് പിടിച്ചത്.

അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും ഷാർജയിൽനിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കാസർകോട് ഉദുമ സ്വദേശി അൽ അമീനിൽനിന്ന് 27,52,088 രൂപ വരുന്ന 454.14 ഗ്രാം സ്വർണമാണ് പിടിച്ചത്. ഇയാൾ ധരിച്ച ജീൻസിനുള്ളിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം പെയിന്റ് പോലെ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു.

ഇതേ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ജംഷാദിൽനിന്ന് 60,11,520 രൂപ വരുന്ന 992 ഗ്രാം സ്വർണവും പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ഷാർജയിൽനിന്നെത്തിയ കാസർകോട് തളങ്കര സ്വദേശി റഫീഖിൽനിന്ന് 14,63,490 രൂപ വരുന്ന 241 ഗ്രാം ആണ് പിടിച്ചത്. പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിലും പൗച്ചിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഒരാഴ്ചയ്ക്കിടെ ആറു കേസുകളിലായി മൂന്നുകോടിയോളം രൂപയുടെ സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചത്.