തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നവംബർ 17 മുതൽ 26 വരെ നടക്കുന്ന പെരുന്നാളിന് മുന്നോടിയായി സർക്കാർ വകുപ്പുകൾ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനോടകം പൂർണമായിട്ടുണ്ട്. പെരുന്നാൾ ദിവസങ്ങളിൽ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനായി കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക്ക് ബസ് സർവീസ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശംഖുമുഖം മുതൽ വേളി ടൂറിസം വില്ലേജ് വരെയുള്ള റോഡിൽ വലിയ വാഹനങ്ങളെ നിയന്ത്രിച്ച്, തീർത്ഥാടകരെ കെ എസ് ആർ ടി സി ബസിൽ പള്ളിയിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി. ഇതുകൂടാതെ ഉത്സവ ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നും കിഴക്കേക്കോട്ട, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസും നടത്തും.

ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പൊലീസ് പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ സി.സി.ടി.വി ക്യാമറകളും മഫ്തിയിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. പൊലീസ് കൺട്രോൾ റൂമും സ്ഥാപിക്കും. നിരോധിത ലഹരിമരുന്നിന്റെ ഉപയോഗം തടയാൻ പൊലീസും എക്സൈസ് വകുപ്പും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. പള്ളിയുടെ പരിസരത്തും കടൽത്തീരത്തും തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. ഉത്സവ ദിവസങ്ങളിൽ കടൽത്തീരത്ത് അടി്ഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കാനും ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. വെട്ടുകാട് പരിസരത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണികൾ ഉടൻ പൂർത്തിയാകും. കേടായ തെരുവുവിളക്കുകളെല്ലാം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ പ്രത്യേക ട്രെയിനുകൾക്ക് കൊച്ചുവേളി, പേട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുകയും ചെയ്യും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവുമുണ്ടാകും.

വെട്ടുകാട് മരിയൻ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ സെറാഫിൻ ഫ്രെഡി, ക്ലൈനസ് റൊസാരിയോ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ് ജെ, തിരുവനന്തപുരം ഡി.സി.പി നിതിൻ രാജ്, ഇടവക വികാരി റവ.ഡോ.എഡിസൻ വൈ.എം,ഇടവക സെക്രട്ടറി ബി.സ്റ്റീഫൻ,വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരുംപങ്കെടുത്തു.