അതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാനപാതയിൽ ഈ മാസം ആറ് മുതൽ പതിനഞ്ച് ദിവസത്തേക്ക് പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. റോഡ് നിർമ്മാണം കണക്കിലെടുത്ത് 15 ദിവസത്തേക്കാണ് പൂർണ നിയന്ത്രണമുണ്ടാവുക.

അതിരപ്പിള്ളി ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക്‌പോസ്റ്റിലും തമിഴ്‌നാട്-മലക്കപ്പാറ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. അത്യാവശ്യത്തിനുള്ള ഇരുചക്രവാഹനങ്ങളും ആംബുലൻസുകളും മാത്രമാണ് കടത്തിവിടുക.

ഒക്?ടോബറിൽ കനത്ത മഴയെത്തുടർന്ന് അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ അമ്പലപ്പാറയിൽ റോഡിന്റെ വശം ഇടിഞ്ഞ് ഗതാഗതം അപകടാവസ്ഥയിലായിരുന്നു. തുടർന്ന് വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം നടപ്പാക്കിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് റോഡിന്റെ വശം അടിയന്തരമായി കെട്ടി ഗതാഗതം സുരക്ഷിതമാക്കാൻ തീരുമാനിച്ചത്.