കൊച്ചി: ദീപാവലി അവധിക്ക് നാട്ടിലെത്തുന്നവർക്കായി ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല.

നാട്ടിലേക്കുള്ള പല ട്രെയിനുകളിലും ദീപാവലിക്ക് വെയ്റ്റിങ് ലിസ്റ്റ് കൂടിയതോടെ ബുക്കിങ് നിർത്തി. അവധിക്കാലത്ത് കാൻസലേഷൻ ഉണ്ടാകാറില്ല. ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും തിരക്കോടു തിരക്കാണ്. 10-ന് ബെംഗളൂരുവിൽനിന്നുള്ള ഹംസഫർ എക്സ്‌പ്രസിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേർഡ് എ.സി.യിൽ അത് 523 എത്തി.

കൊച്ചുവേളി എക്സ്‌പ്രസിൽ സ്ലീപ്പറിലും ചെയർ കാറിലും ബുക്കിങ് നിർത്തി. തേഡ് എ.സി.യിൽ 161, സെക്കൻഡ് എ.സി.യിൽ 88 എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്. കന്യാകുമാരി എക്സ്‌പ്രസ്, എറണാകുളം എക്സ്‌പ്രസ് എന്നിവയിലും വെയ്റ്റിങ് ലിസ്റ്റായി.

ബസുകളിലെ ദീപാവലിത്തിരക്കും പതിവുപോലെ കൂടിയിട്ടുണ്ട്. സ്വകാര്യ ബസിൽ ബെംഗളൂരു-എറണാകുളം ടിക്കറ്റിന് 3,900 രൂപ വരെ എത്തിയിട്ടുണ്ട്. സ്‌കാനിയ മൾട്ടി ആക്‌സിൽ എ.സി. സ്‌ളീപ്പറിനാണ് ഈ നിരക്ക്. നോൺ എ.സി. സീറ്ററിന് 2,000 രൂപയാണ്. ആഘോഷ അവധിക്കാലത്ത് സ്വകാര്യ ബസിൽ നിരക്ക് 5000 രൂപ വരെ ഉയരാറുണ്ട്.

കർണാടക ആർ.ടി.സി.ക്ക് 12 സെമി സ്ലീപ്പർ സ്‌പെഷ്യൽ ഉണ്ട്. ഇവയിൽ നിരക്ക് 2,160 രൂപയാണ്. പതിവായി ഓടുന്ന അംബാരി ഉത്സവ് മൾട്ടി ആക്‌സിൽ എ.സി. സ്ലീപ്പറിൽ ഉൾെപ്പടെ സീറ്റില്ല. 2,015 ആണ് ഇതിലെ നിരക്ക്. ഒരു മാസം മുന്നേ ബുക്കിങ് തുടങ്ങിയിരുന്നു.

കെ.എസ്.ആർ.ടി.സി. എറണാകുളം ഡിേപ്പായുടെ നാലു ബസുകളാണ്‌ െബംഗളൂരുവിൽനിന്നുള്ളത്. രണ്ട് സ്ലീപ്പർ, ഒരു എസ് സീറ്റർ, ഒരു ഡീലക്‌സ്. ഇതു കൂടാതെ നാലു ബസുകൾ ദീപാവലിക്ക് സർവീസ് നടത്തും.