കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്‌സിങ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്.

2 ന് വൈകിട്ട് 5 മണിയോടെ ഓപ്പൺ ജീപ്പിൽ കാമ്പസിലും പരിസര റോഡുകളിലും, റെയ്‌സ് നടത്തുകയും സമീപവാസിയായ ഒരു പെൺകുട്ടിക്ക് ജീപ്പ് ഇടിച്ച് പരിക്ക് പറ്റുകയുമുണ്ടായി. തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി 3 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഘർഷം ഒഴിവാക്കിയത്.

നിയമങ്ങളും, നിർദ്ദേശങ്ങളും അവഗണിച്ചായിരുന്നു റെയ്‌സിങ് നടത്തിയത്. ശക്തമായ നടപടികളുണ്ടാകും. കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർ പിടി ബിജോയി,സബ് ഇൻസ്‌പെക്ടർമാരായ ആതിര പവിത്രൻ, സി.പി രാധാകൃഷ്ണൻ , വി.വിഎൽദോസ്, എഎസ്ഐമാരായ കെ.എം സലീം, ഷാൽവി അഗസ്റ്റിൻ, സി പി ഒ മാരായ എം.കെ ഷിയാസ്, സനൽകുമാർ തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.