- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടി തുരക്കുന്ന വണ്ടുകളുടെ ആക്രമണം; റബ്ബർ മരങ്ങൾ ഉണങ്ങുന്നു
ചെറുപുഴ: തടി തുരക്കുന്ന വണ്ടുകളുടെ ആക്രമണത്തിൽ റബ്ബർ മരങ്ങൾ ഉണങ്ങിനശിക്കുന്നു. തടിവിലയ്ക്കാണെങ്കിൽ ഒന്നിന് 3,000 രൂപ വരെ കിട്ടേണ്ട മരങ്ങളാണിങ്ങനെ ഉണങ്ങിനശിക്കുന്നത്. 100 മരങ്ങളുള്ള തോട്ടത്തിൽ നാലും അഞ്ചും മരങ്ങൾ ഉണങ്ങി പോയതോടെ കർഷകർ ആശങ്കയിലാണ്. പ്ലാവ്, കവുങ്ങ് തുടങ്ങിയവയെയും വണ്ടുകൾ ആക്രമിച്ചുതുടങ്ങിയതോടെ കർഷകരുടെ നെഞ്ചിടിപ്പേറി.
20-30 വർഷം ഉത്പാദനം നടക്കേണ്ട ഒരു റബ്ബർമരം നശിക്കുമ്പോൾ കർഷകന് 25,000 രൂപയോളം നഷ്ടമുണ്ടാകുന്നുണ്ട്. മികച്ച ഉത്പാദനമുള്ളതും കരുത്തുള്ളതുമായ റബ്ബർമരങ്ങളാണ് കൂടുതലായും ഉണങ്ങുന്നത്.
മുൻപ് ടാപ്പ് ചെയ്യുന്ന മരങ്ങളിലാണ് വണ്ടിന്റെ ആക്രമണം കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ടാപ്പിങ്ങിന് പാകമായി വരുന്ന മരങ്ങളിലുമുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വണ്ടിന്റെ ആക്രമണമുണ്ടെന്ന് റബ്ബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഇൻ ചാർജ് ഡോ. എം.ഡി.ജെസി പറഞ്ഞു. ടാപ്പിങ് പ്രായം എത്തിക്കാൻ ചെലവാക്കുന്ന 2,000 രൂപ വേറെയും. നശിക്കുന്ന റബ്ബർ മരങ്ങൾ തോട്ടത്തിനിടയിലായതിനാൽ അവിടെ മറ്റ് കൃഷികൾ പറ്റുകയുമില്ല.
അംബ്രോസിയ ഇനത്തിൽപ്പെടുന്ന യു പ്ലാറ്റിപ്പസ് പാരലേല്ലസ് വണ്ടുകളാണ് മരങ്ങളെ ഉണക്കുന്നതെന്ന് കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. പി.ജയരാജ് പറഞ്ഞു. ഈ കീടത്തോടൊപ്പം ഫ്യൂസേറിയം എന്ന കുമിൾബാധയും കാണുന്നതിനാൽ മരം പെട്ടെന്ന് ഉണങ്ങും. രോഗം ബാധിച്ച മരങ്ങളുടെ ചുവട്ടിൽനിന്ന് രണ്ടുമീറ്റർ ഉയരം വരെ മൊട്ടുസൂചി വലിപ്പത്തിൽ ദ്വാരങ്ങളുണ്ടാകും. ഇവയിൽ രണ്ട് മില്ലിമീറ്റർ വലിപ്പത്തിലുള്ള വണ്ടുകളും പുഴുക്കളുമുണ്ടാകും.



