- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും; കേരളീയം വേദിയിൽ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം
തിരുവനന്തപുരം: ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണൽ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്. നിപ പ്രതിരോധം, ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വൺ ഹെൽത്ത്) ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. സംസ്ഥാനത്ത് വാക്സിൻ പോളിസി നടപ്പിലാക്കും. ലാബ് നെറ്റുവർക്ക് സംവിധാനം 2024ൽ യാഥാർത്ഥ്യമാക്കും. മുന്നിലുള്ള ലക്ഷ്യങ്ങൾ വളരെ വലുതാണ്. അതിന് ഈ സെമിനാർ വളരെ ഫലപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. 'മഹാമാരികളെ കേരളം നേരിട്ട വിധം' കേരളീയം സെമിനാർ മസ്‌കറ്റ് ഹോട്ടലിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യന്റെ ചരിത്രം ഒട്ടനേകം മഹാമാരികളെ അതീജിവിച്ച് കടന്നുവന്നതാണ്. സമാനതകളില്ലാത്തവിധം എല്ലാ ഭൂഖണ്ഡങ്ങളേയും എല്ലാവരേയും ബാധിച്ച മഹാമാരിയാണ് കോവിഡ് 19. സാർസ് 1, മേഴ്സ് തുടങ്ങിയ വൈറസുകളേക്കാൾ അത്യന്തം പ്രഹരശേഷിയുള്ള വൈറസായിരുന്നു കോവിഡ്. ഈ വൈറസിന്റെ പ്രഹരശേഷി കുറയ്ക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം അതിജീവിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ആശുപത്രി, മരുന്ന്, രോഗികൾ എന്നിവയ്ക്കൊപ്പം മറ്റനേകം കാര്യങ്ങൾക്കും കേരളം വളരെ നേരത്തെ നൽകിയ പ്രാധാന്യമാണ് ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചത്.
സമീപ കാലങ്ങളിൽ കോവിഡ്, മങ്കിപോക്സ്, നിപ, തുടങ്ങിയ അനേകം വെല്ലുവിളികളെ കേരളത്തിന് നേരിടേണ്ടി വന്നു. രാജ്യത്തെ ആദ്യ മങ്കിപോക്സ് കണ്ടുപിടിച്ചത് കേരളത്തിലാണ്. ഉയർന്ന ജനസാന്ദ്രത, വയോജനങ്ങൾ കൂടുതൽ, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയുണ്ടായിരുന്നതിനാൽ ഇവയെ അതിജീവിക്കുക വലിയ വെല്ലുവിളിയായിരുന്നു.
2019ൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കേരളം മാതൃകയായ മികച്ച പ്രവർത്തനങ്ങൾ നടത്തി. മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടേയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി. കോവിഡ് മഹാമാരിയെ നേരിടുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി പ്രവർത്തനങ്ങൾ നടത്തി.
3 ഘട്ടങ്ങളിലാണ് കോവിഡ് ബാധിച്ചത്. 3 തരംഗങ്ങളേയും കേരളം ഫലപ്രദമായി പ്രതിരോധിച്ചു. അതിൽ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളും ഓക്സിജൻ ആവശ്യമായി വന്നതും രണ്ടാം തരംഗമായ ഡെൽറ്റയിലായിലായിരുന്നു. ആ സമയത്താണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. ഏറ്റവും കേസുകൾ ഉണ്ടായത് മൂന്നാംഘട്ടമായ ഓമിക്രോൺ തരംഗത്തിലായിരുന്നു. അതിനെയെല്ലാം ഫലപ്രദമായി അതിജീവിക്കാൻ കേരളത്തിനായി. ഏത് അതിജീവനങ്ങളെ സംബന്ധിച്ചും വളരെ പ്രധാനമാണ് മരണങ്ങൾ കുറയ്ക്കുക എന്നത്. കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകേണ്ട സംസ്ഥാനമായി കേരളം മാറേണ്ടതായിരുന്നു. എന്നാൽ ആരോഗ്യ സംവിധാനങ്ങളെ കേസുകൾ മറികടക്കാൻ പാടില്ലായിരുന്നു എന്നായിരുന്നു നമ്മുടെ ലക്ഷ്യം. ആ ഘട്ടങ്ങളിലൊന്നും തന്നെ ഐസിയു, വെന്റിലേറ്റർ എന്നിവയിൽ ക്ഷാമം നേരിട്ടില്ല. അതനുസരിച്ച് ഐസിയു വെന്റിലേറ്റർ സൗകര്യങ്ങളൊരുക്കി. ഓക്സിജനിൽ ആശുപത്രികളെ സ്വയംപര്യാപ്തതയിലെത്തിച്ചു.
കോവിഡിനെ അതിജീവിക്കാൻ സഹായിച്ച വാക്സിനേഷൻ വലിയ സാമൂഹിക ഉത്തരവാദിത്തമായിരുന്നു. എല്ലാ വകുപ്പുകളും ചേർന്നുള്ള വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. സൗജന്യമായി എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് ആദ്യം തീരുമാനമെടുത്ത സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യമായി കിടപ്പുരോഗികൾക്ക് ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്ക് മുൻഗണനാ ഗ്രൂപ്പ് നിശ്ചയിച്ച് വാക്സിൻ നൽകി. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്ന് കൂടുതലായി പീഡിയാട്രിക് ഐസിയുകൾ സ്ഥാപിച്ചു. സംസ്ഥാനത്തെ കോവിഡ് നയം ഏകാരോഗ്യം സമീപനത്തിലൂന്നിയായിരുന്നു. 2022ൽ സംസ്ഥാനതലത്തിൽ വൺ ഹെൽത്ത് ആവിഷ്‌ക്കരിച്ചു.
നിപ പ്രതിരോധത്തിലും കേരളം മികച്ച മാതൃകയാണ്. ആദ്യ നിപ കേസ് ഉണ്ടായത് കെ.കെ. ശൈലജ ടീച്ചറിന്റെ കാലത്താണ്. അതിനെ നേരിട്ടവിധം വളരെ പ്രശംസിക്കപ്പെട്ടു. 2023ൽ അടുത്തിടെ, കോഴിക്കോട് ഉണ്ടായ നിപയെ ആരംഭത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞത് നേട്ടമാണ്. നിപ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള 2 മരണങ്ങളെ മാറ്റിയാൽ മറ്റൊരു മരണവും ഉണ്ടായിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെപ്പോലും രക്ഷിച്ചെടുക്കാനായി. ആഗോള തലത്തിൽത്തന്നെ 60 മുതൽ 90 ശതമാനം വരെയുണ്ടായിരുന്ന നിപ മരണ നിരക്ക് 33.33 ശതമാനത്തിലേക്ക് താഴ്‌ത്തിക്കൊണ്ട് വരാൻ നമുക്ക് കഴിഞ്ഞു.
സദാ ജാഗരൂകരായാൽ മാത്രമേ ഇതുപോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവർത്തിച്ചാൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ടീച്ചർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി. എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു മോഡറേറ്ററായി. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ എംഎൽഎ, ഗ്ലോബൽ ഹെൽത്ത് വിദഗ്ധനായ ഡോ. റിച്ചാർഡ് എ. ക്യാഷ്, ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ, സി.എം.സി. വെല്ലൂർ ശിശുരോഗ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. ജേക്കബ് ടി ജോൺ, സി.എം.സി. വെല്ലൂർ വൈറോളജിസ്റ്റ് ആയ ഡോ. പ്രിയ ഏബ്രഹാം, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മുൻ അംഗമായ ഡോ. ബി. ഇക്‌ബാൽ, ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ വകുപ്പ് മുൻ സെക്രട്ടറിയും നിലവിൽ വൈദ്യുതി ബോർഡ് ഡയറക്ടർ കൂടിയായ ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന എന്നിവർ സംസാരിച്ചു.




