പാലക്കാട്: പാലക്കാട് വെള്ളാരംകൽമേട് - മുട്ടിമാമ്പള്ളം റോഡിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗർ മുരുകേശന്റെ മകൻ അനീഷ് (24), കൊഴിഞ്ഞാമ്പാറ പാറക്കളം കുമാരന്റെ മകൻ സന്തോഷ് (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്കിൽ മൂന്നു പേരുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇളനീർ കയറ്റാൻ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്പാറ വേലുമണിയുടെ മകൻ രാമദാസിനെ (24) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമദാസിന് തലയ്ക്കാണു പരുക്ക്. ഇദ്ദേഹത്തെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.