- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ കനത്ത മഴ; പേതൊട്ടിയിലും ചതുരംഗ പാറയിലും ഉരുൾപൊട്ടി; ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം; ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെത്തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. വീടിന് മുകളിലേക്ക് മണ്ണ് വീണതോടെ ഭിത്തി തകർന്നാണ് അപകടം.
വലിയ മണ്ണിടിച്ചിൽ ആയിരുന്നില്ല ചേരിയാറിൽ ഉണ്ടായതെങ്കിലും റോയ് താമസിച്ചിരുന്നത് ദുർബലമായ കെട്ടിടത്തിലാണ് എന്നതാണ് ജീവഹാനിക്ക് കാരണമായതെന്നാണ് വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കിയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്. പൂപ്പാറയിലും കുമളി മൂന്നാർ - റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
പേത്തൊട്ടിയിൽ പ്രധാന റോഡിലേക്കാണ് ഉരുൾപൊട്ടിയെത്തിയത്. രണ്ട് വീടുകൾക്ക് സമീപത്തേക്ക് ഉരുൾപൊട്ടിയെത്തി. വെള്ളം മാറിയൊഴുകിയതിനാൽ വൻ അപകടം ഒഴിവായി. ഉരുൾപൊട്ടി വലിയ ഉരുളൻ കല്ലുകളും മരങ്ങളും കടപുഴകിയെത്തി. ഏക്കർ കണക്കിന് ഏലം കൃഷി പൂർണമായി ഒലിച്ചുപോയി പ്രദേശം ഒരു നീർച്ചാലായി മാറി.
പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.
പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപെട്ടു. ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ഉടുമ്പൻചോല ശാന്തൻപാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു മാറ്റി. ഇടിഞ്ഞു വീണ മണ്ണും നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വ്യാപക കൃഷിനാശവും ഇവിടെ ഉണ്ടായിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. തുടർന്ന്, കൂടുതൽ കുടുംബങ്ങളെ മേഖലയിൽനിന്ന് മാറ്റിത്താമസിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കും.
ഇന്നലെ രാത്രി ഏഴ് മുതൽ കനത്ത മഴയായിരുന്നു പ്രദേശത്ത്. മരം വീണതിനെ തുടർന്ന് പൂപ്പാറയിലും മൂന്നാർ കുമളി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. കള്ളിപ്പാറയിൽ മണ്ണ്മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഓറഞ്ച് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം സജീവമായി തുടരും. തിങ്കളാഴ്ച തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പാണ്.
അറബിക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 വരെ മഴ തുടരാനാണ് സാധ്യത.




