കുമളി: ശാന്തൻപാറയ്ക്ക് സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കുമളി- മൂന്നാർ സംസ്ഥാന പാതയിൽ യാത്രാനിയന്ത്രണം. ശാന്തൻപാറയ്ക്ക് അടുത്ത് ചേരിയാർ മുതൽ ഉടുമ്പൻചോല വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചു.

ഇവിടെ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇന്നലെ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. പുലർച്ചയോടെ വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നിൽ കണ്ടാണ് ജില്ലാ ഭരണകൂടം ഈ വഴിയുള്ള രാത്രിയാത്ര നിരോധിച്ചത്.

പോത്തൊട്ടി ഭാഗത്ത് നാലിടത്താണ് ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി വീടുകളാണ് പ്രദേശത്ത് ഒറ്റപ്പെട്ടത്. ഇന്ന് ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതുകൊണ്ട് സുരക്ഷ കണക്കിലെടുത്ത് ആ പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റാൻ ശാന്തൻപാറ പഞ്ചായത്തിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് കലക്ടറുടെ ഇടപെടൽ ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇവരെ ക്യാമ്പിലേക്ക് മാറ്റണമെന്നാണ് നിർദ്ദേശം. നാളെ മഴ മുന്നറിയിപ്പ് ഇല്ലെങ്കിൽ പിന്നീട് അവർക്ക് വീടുകളിലേക്ക് മടങ്ങുന്ന കാര്യത്തിൽ അപ്പോൾ തീരുമാനമെടുക്കാമെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.