വൈക്കം: ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ഒ.എൽ.എക്സ്. വഴി സ്‌കൂട്ടർ വില്പനയുടെ പേരിൽ യുവതിയിൽ നിന്നും തട്ടിയെടുത്തത് 20,000 രൂപ. തിരുവനന്തപുരം സ്വദേശിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളിൽ നിന്നും സ്‌കൂട്ടർ വാങ്ങാൻ ശ്രമിച്ച വൈക്കം സ്വദേശിനിക്കാണ് പണം നഷ്ടമായത്. ദിവസങ്ങൾക്ക് മുമ്പാണ് ഒ.എൽ.എക്സിൽ സ്‌കൂട്ടർ വിൽക്കുവാനുണ്ട് എന്ന പരസ്യം കണ്ട് ബന്ധപ്പെട്ട കടുത്തുരുത്തി അഗ്‌നിരക്ഷാസേന നിലയത്തിലെ ഗാർഡ് വൈക്കം ബ്രഹ്‌മമംഗലം ഏനാദിവടക്കേമലയിൽ ശാരി മോളാണ് കെണിയിൽ വീണത്. പണം നഷ്ടമായതോടെ ശാരിമോൾ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി്.

രാജസ്ഥാൻ സ്വദേശിയും തിരുവനന്തപുരത്ത് മിലിട്ടറി ഉദ്യോഗസ്ഥനെന്നും പറഞ്ഞ് പരിചയപ്പെടുത്തിയ ഗോപാൽ എന്ന ആളാണ് തട്ടിപ്പ് നടത്തിയത്. തനിക്ക് സ്ഥലംമാറ്റമാണെന്നും ഭാര്യയുടെ പേരിലുള്ള സ്‌കൂട്ടറാണ് വിൽക്കുന്നതെന്നും അറിയിച്ചതോടെയാണ് ശാരി സ്‌കൂട്ടർ വാങ്ങാമെന്നുള്ള തീരുമാനത്തിലെത്തിയത്. 37,000 രൂപയ്ക്ക് വാഹനം വാങ്ങാമെന്ന് പറഞ്ഞ് ഉറപ്പിച്ചു. പിന്നാലെ ഫോട്ടോയും രേഖകളും ആദ്യം നൽകി.

തുടർന്ന് പാഴ്സൽ ചാർജായി 4,200 രൂപ രാജേന്ദ്ര എന്ന പേരിലുള്ള ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. അത് ശാരി നൽകുകയും ചെയ്തു. ഉടനെ വാഹനം അയക്കുമെന്നും ചാർജായി 15,500 രൂപ വീണ്ടും ഗൂഗിൾ പേ വഴി അയക്കാനും ആവശ്യപ്പെട്ടു. വാഹനം കൈപ്പറ്റുമ്പോൾ ഇത് വിലയിൽ കുറച്ചാൽ മതിയെന്നും പറഞ്ഞാണ് തുക ഇയാൾ വാങ്ങിയത്. ശാരിമോളുടെ ഫോട്ടോയും ആധാർകാർഡിന്റെ കോപ്പിയും ഇയാൾ ഇതിനിടെ വാങ്ങി. മിലിട്ടറി ഓഫീസിലെയും മിലിട്ടറി കൂറിയർ സ്ഥാപനത്തിന്റെയും ബില്ലടക്കവും പാഴ്സൽ ചെയ്ത വാഹനത്തിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തതോടെ വാഹനം ഉടൻ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ശാരിമോൾ..

എന്നാൽ പറഞ്ഞദിവസം വാഹനം എത്തിയില്ല. 24 വർഷം സിആർപിഎഫ്. ഹെഡ് കോൺസ്റ്റബിളായി ജോലിചെയ്ത ശാരിമോൾക്ക് ഇതിനിടെ സംശയം തോന്നി, കൂടുതൽ വിവരങ്ങൾ തേടിയതോടെ ഇയാൾ ഫോൺ ഓഫാക്കി. ശാരിക്ക് ഇയാളുടെ തിരിച്ചറിയിൽ രേഖകൾ നൽകിയിരുന്നു. ഇത് മറ്റാരുടേതെങ്കിലും ആണെന്ന സംശയവും ഉയരുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.