തലശ്ശേരി: പാലക്കാട് നെന്മാറ എലവഞ്ചേരി കരിങ്കുളം താനിപ്പുഴയിലെ ആർ.രാജീവ്കുമാറിനെ (38) കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് കള്ളക്കുറിശ്ശി മേലൂർ ചെങ്കല്ലൂർ ഹൗസിൽ ശങ്കറിനെ (57) കോടതി 10 വർഷം തടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

പിഴയടയ്ക്കുന്നില്ലെങ്കിൽ ആറുമാസംകൂടി തടവനുഭവിക്കണമെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. ചെറുതാഴം പിലാത്തറ യു.പി. സ്‌കൂളിന് സമീപം ക്വാർട്ടേഴ്സിൽ താമസിച്ച രാജീവ്കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.

2020 നവംബർ അഞ്ചിന് 7.30-ന് പ്രതിയും രാജീവ്കുമാറും തമ്മിൽ വഴക്കും കൈയാങ്കളിയും നടന്നു. പ്രതിക്ക് പരിക്കേറ്റു. രാജീവ്കുമാർ വാഹനത്തിന്റെ താക്കോലെടുക്കാൻ വീണ്ടും ചെന്നപ്പോൾ പ്രതി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ രാജീവ്കുമാർ മരിച്ചുവെന്നാണ് കേസ്.