കാസർകോട്: ചിറ്റാരിക്കലിൽ സ്‌കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇന്ന് പരിഗണിക്കാനിരുന്ന മുൻകൂർ ജാമ്യാപേക്ഷ ഈ മാസം പത്തിലേക്കാണ് മാറ്റിവെച്ചത്. ഈ മാസം പത്തിന് കാസർകോട് ജില്ല സെഷൻസ് കോടതിയായിരിക്കും പ്രധാനാധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.

കഴിഞ്ഞമാസം 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമോറിയൽ യുപി സ്‌കൂളിലാണ് സംഭവം. മുടി വെട്ടാതെ ക്ലാസിലെത്തിയ ദളിത് ആൺകുട്ടിയുടെ മുടി അസംബ്ലിയിൽ വച്ച് മുറിച്ചെന്നാണ് പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

സംഭവത്തിനുശേഷം നാണക്കേട് കൊണ്ട് സ്‌കൂളിൽ പോയിട്ടില്ലെന്നും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി പറഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാകിയിൽ പ്രധാന അദ്ധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ചിറ്റാരിക്കൽ പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്‌പി സതീഷ് കുമാറിന് കേസ് കൈമാറുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. കേസ് നടപടികൾ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് പ്രധാന അദ്ധ്യാപിക മുൻകൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്.