കണ്ണൂർ: കണ്ണൂരിൽ കെ. എസ്.യു കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തുനീക്കി. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പ്രതിഷേധം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.

കേരള വർമ കോളേജിലെ ശ്രീക്കുട്ടന്റെ വിജയം ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിലൂടെ അട്ടിമറിച്ച ഭരണകൂട ഗൂഢാലോചനയ്ക്കെതിരെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് കെ എസ് യു നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് അക്രമം അഴിച്ചു വിട്ടതിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണമായിരുന്നു.

ഡിസിസി യിൽ നിന്നും കെ എസ് യു പ്രവർത്തകർ പ്രകടനമായി കളക്റ്റ്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കളക്റ്റ്രേറ്റിന് മുന്നിൽ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിന്റെ ഛായചിത്രം പ്രവർത്തകർ കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.ബലം പ്രയോഗിച്ച് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് ഏറെ നേരം സംഘർഷാവസ്ഥയുണ്ടാക്കി.

കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, സംസ്ഥാന സമിതി അംഗം ആകാശ് ഭാസ്‌കരൻ, കണ്ണൂർ കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് രാഗേഷ് ബാലൻ, അഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, അർജുൻ കോറോം, അജ്സാം മയ്യിൽ, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ,തീർത്ത നാരായണൻ, അനഘ പയ്യന്നൂർ, അനുശ്രീ കെ, ശ്രീരാഗ് പുഴാതി,മുഹമ്മദ് റിസ്വാൻ സി എച്ച്, അഭിജിത്ത് കാപ്പാടാൻ, പ്രകീർത്ത് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.