പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കുഴൽപ്പണവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കൊടുവള്ളി ഓമശ്ശേരി സ്വദേശികളായ ഉരുളൻ കുന്നുമ്മൽ ഹസൻ (25), നെല്ലിയുള്ളപൊയിൽ ഉനൈസ് (28) എന്നിവരെയാണ് 31,34,500 രൂപ സഹിതം പിടികൂടിയത്. കൊടുവള്ളിയിൽനിന്ന് ചെമ്മാട് ഭാഗത്തേക്കാണ് ഇവർ പണവുമായി എത്തിയതെന്നാണു വിവരം.

ബൈക്കിന്റെ പെട്രോൾടാങ്ക് മുറിച്ച് അതിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി പണം അതിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്. പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പണം പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും തുടർനടപടികൾക്കായി അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.