കൊച്ചി: റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിച്ഛായയും നേതൃത്വവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ബ്രേക്ക് ത്രൂ 2023 ന്റെ ഭാഗമായി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന സെമിനാറിൽ വന്ദേഭാരത് എക്സ്പ്രസിന്റെ ബുദ്ധികേന്ദ്രമായ സുധാൻഷു മണി മുഖ്യപ്രഭാഷണം നടത്തി. വന്ദേഭാരത് ട്രെയിനിന്റെ ആസൂത്രണം, നിർമ്മാണം, പദ്ധതി നടപ്പാക്കൽ വരെയുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഒരു ബ്രാൻഡ് അംബാസഡറെന്ന നിലയിൽ ഒരു റൊട്ടേറിയൻ എന്ന വിഷയത്തിൽ യുണീക് കൺസൾട്ടന്റ്സ് ട്രെയിനറും കൺസൾട്ടന്റുമായ വി. അശ്വത രാമയ്യ സംസാരിച്ചു.

റോട്ടറി ഡിസ്ട്രിക്ട് 3201, സ്മൈൽ, മുത്തൂറ്റ് ഫിനാൻസ്, നെറ്റ്കോം സർവ്വീസസ്, പെപ്സ് മാട്രസ് എന്നിവയുടെ സഹകരണത്തോടെയാണ് ബ്രേക് ത്രൂ 2023 നടക്കുന്നത്.

സാമൂഹ്യ സേവന രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന സ്മൈൽ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. പെരുമ്പളം ദ്വീപിനെ വെളിയിട വിസർജന വിമുക്തമാക്കുന്നതിന് പ്രവർത്തിച്ച കെ.കെ. രാജേന്ദ്രൻ, വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന കോയമ്പത്തൂരിലെ ജി 18 ട്രസ്റ്റ്, കൊച്ചിയിലെ ഏഴ് സ്‌കൂളുകൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്ന ആസ്പിൻ വാൾ കമ്പനി, പ്രമുഖ ലൈഫ് സ്‌കിൽ മെന്ററായ സാജിത റഷീദ്, ജീവൻ ജ്യോതി പാലിയേറ്റീവ് ഹോം കെയർ, മുംബൈയിലെ എൻജിഒ ദിൽ സേ, ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്നതിന് പ്രവർത്തിക്കുന്ന ബിജീഷ് കണ്ണംകുളത്ത്, സാമൂഹ്യ പ്രവർത്തക ഉമ പ്രേമൻ, എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷൻ, അൻപോട് കൊച്ചി എന്നിവരാണ് ഈ വർഷത്തെ സ്‌മൈൽ അവാർഡിന് അർഹമായത്.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടി. ആർ. വിജയകുമാർ, ഡിസ്ട്രിക്റ്റ് ട്രെയിനർ എ.വി. പതി, ക്ലബ്ബ് പ്രസിഡന്റ് നാഷിദ് നിനാർ, ക്ലബ്ബ് സെക്രട്ടറി ദീപ അലക്സ്, പബ്ലിക്ക് ഇമേജ് കമ്മിറ്റി ഡിസ്ട്രിക്ട് ചെയർമാർ എബ്രഹാം ജോർജ്ജ്, ഇവന്റ് ചെയർപേഴ്സൺ റോഷ്ന ഫിറോസ്, ഇവന്റ് കോ ചെയർമാൻ അരബിന്ദ് ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു