തിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജ് ഓഫിസർമാരില്ലാതെ 70 വില്ലേജ് ഓഫിസുകൾ. ജൂനിയർ സൂപ്രണ്ടുമാരായി ഉദ്യോഗസ്ഥർ പോയതോടെയാണ് വില്ലേജ് ഓഫിസുകൾ നാഥനില്ലാ കളരിയായത്. പുതിയ വില്ലേജ് ഓഫിസർമാരെ നിയമിക്കാത്തതിനാൽ എഴുപതിലേറെ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റി. തൊട്ടടുത്ത വില്ലേജിലെ ഓഫിസർക്ക് താൽക്കാലികമായി അധികച്ചുമതല നൽകിയിട്ടുണ്ട്. പക്ഷേ, സ്വന്തം ഓഫിസിൽ തന്നെ പിടിപ്പതു ജോലിയായതിനാൽ ഇവർക്ക് അധികഭാരം നിർവഹിക്കാനാകുന്നില്ല. നിലംപുരയിടം ഭൂമി തരംമാറ്റ ജോലികൾക്കായി ഈ വില്ലേജുകളിലെ വില്ലേജ് ഓഫിസർമാർക്കു സ്ഥാനക്കയറ്റം നൽകിയിരുന്നു.

ജൂനിയർ സൂപ്രണ്ടുമാരായി (ഡപ്യൂട്ടി തഹസിൽദാർ) പുതിയ ഓഫിസുകളിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് ഇവർ മുൻപു ജോലി ചെയ്തിരുന്ന വില്ലേജ് ഓഫിസുകൾക്ക് നാഥനില്ലാതായത്. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് രണ്ടരലക്ഷത്തിലേറെ അപേക്ഷകൾ റവന്യു ഡിവിഷൻ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നതിനാൽ ഇതിന്റെ ഫയൽ നടപടികൾക്കായാണ് രണ്ട് വർഷത്തേക്കു മാത്രമായി ജൂനിയർ സൂപ്രണ്ടുമാർക്കു സ്ഥാനക്കയറ്റം നൽകിയത്.