അടിമാലി: വിധവാ പെൻഷൻ മുടങ്ങിയതോടെ ജീവിക്കാൻ നിവർത്തി ഇല്ലാതായതോടെ അടിമാലി നഗരത്തിലെത്തി ഭിക്ഷയെടുത്ത് സർക്കാരിനെതിരെ പ്രതിഷേധിച്ച് രണ്ട് അമ്മമാർ. സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ബോർഡ് കഴുത്തിൽ തൂക്കിയാണ് അമ്മമാർ മൺചട്ടിയുമായി ഭിക്ഷ എടുക്കാനെത്തിയത്. അടിമാലി ഇരുനൂറേക്കർ മില്ലുംപടി പൊന്നടുത്തുപാറയിൽ മറിയക്കുട്ടി ചാക്കോ (87), പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പ് (80) എന്നിവരാണു സർക്കാരിനെതിരെ വ്യത്യസ്തമായി പ്രതിഷേധിച്ചത്.

തനിച്ചു താമസിക്കുന്ന ഇരുവരുടേയും ആശ്രയമാണ് വിധവാ പെൻഷൻ. വീട്ടുകാര്യങ്ങളെല്ലാം നടത്തുന്നത് ഈ പണത്തിൽ നിന്നാണ്. പെൻഷൻ മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായി. ഇതോടെയാണ് ഇരുവരും ഭിക്ഷയെടുത്ത് പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധം ജനമേറ്റെടുത്തതോടെ മൺചട്ടിയിൽ ഇന്നലെ 860 രൂപയും ചൊവ്വാഴ്ച 1315 രൂപയും ലഭിച്ചു. വിധവാ പെൻഷൻ കുടിശിക തന്നുതീർക്കുക, പാവങ്ങളോടു നീതി കാണിക്കുക തുടങ്ങിയ കാര്യങ്ങളാണു ബോർഡിൽ എഴുതിയിരുന്നത്.

സംഭവം അറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് ഇരുവർക്കും ഒരു മാസത്തെ പെൻഷൻ തുകയായ 1,600 രൂപവീതം നൽകി. അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങളും വാങ്ങി നൽകിയതോടെ ഇരുവരും പ്രതിഷേധം മതിയാക്കി മടങ്ങി.

20 വർഷം മുൻപു ഭർത്താവ് മരിച്ച മറിയക്കുട്ടി അഞ്ചുസെന്റ് സ്ഥലത്തെ വീട്ടിൽ ഒറ്റയ്ക്കാണു താമസം. നാലു പെൺമക്കളെയും കെട്ടിച്ചുവിട്ടു. 15 വർഷം മുൻപാണ് അന്നയുടെ ഭർത്താവ് മരിച്ചത്. മക്കളും മരിച്ചു. ഇളയമകളുടെ ഇരുപതുകാരനായ മകൻ മാത്രമാണ് കൂട്ടിനുള്ളത്. ഇരുവരും പള്ളിവക കെട്ടിടത്തിലാണ് താമസം. പെൻഷൻ മാത്രമായിരുന്നു തങ്ങളുടെ ഏക ആശ്രയമെന്നും ഇരുവരും പറയുന്നു.