- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഗാ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു
കുമളി: മുല്ലപ്പെരിയാറിൽനിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോയി സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്. തേനി ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽ മഴ ശക്തമായതോടെ വൈഗ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ വലിയ വർധനവുണ്ടായി. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 69 അടിക്ക് മുകളിലെത്തി. 71 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് തുറക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്‌നാട് സർക്കാർ. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി മൂന്നാം ജാഗ്രതാനിർദേശവും തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ചു. 71 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 69 അടിക്ക് മുകളിൽ ജലനിരപ്പ് എത്തി. തമിഴ്‌നാട്ടിൽ വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. അതിനാൽ അണക്കെട്ട് ഉടൻ തുറക്കാനാണ് സാധ്യത. വൈഗയിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു.
അണക്കെട്ടിലെ ബുധനാഴ്ചത്തെ ജലനിരപ്പ് 127.95 അടിയാണ്. വൈഗയിലെ അണക്കെട്ട് തുറക്കുന്ന സാഹചര്യം വന്നാൽ മുല്ലപ്പെരിയാറിൽനിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് ഇനിയുംകുറയ്ക്കും.



