കോഴിക്കോട്: സിപിഎം. അനുകൂല എം വിആർ. ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം വി രാഘവൻ അനുസ്മരണ പരിപാടിയിൽനിന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയ സംഭവത്തിൽ വിശദീകരണവുമായി പി.എം.എ. സലാം.

ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവരല്ല, അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ എല്ലാ കാലത്തും പ്രശ്നങ്ങളുണ്ട്. എന്നാൽ നിലവിൽ പ്രശ്നങ്ങളില്ല. യു.ഡി.എഫ്. ഒറ്റക്കെട്ടായി പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പി.എം.എ. സലാം പറഞ്ഞു. കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളനിർമ്മിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായിട്ടായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കേണ്ടിയിരുന്നത്. ദുബായിൽ മറ്റൊരു പരിപാടിയുള്ളതിനാൽ സെമിനാറിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണ് വിശദീകരണം. ഇതിനിടെ എംവിആറിനെ അനുസ്മരിച്ച് വീഡിയോ സന്ദേശവും കുഞ്ഞാലിക്കുട്ടി നൽകിയിരുന്നു.