നെടുങ്കണ്ടം: വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടി. ഭാര്യാപിതാവ് മരിച്ചു. നെടുങ്കണ്ടത്തിനടുത്ത് കൗന്തി സ്വദേശി പുതുപ്പറമ്പിൽ ടോമിയാണ് (70) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ടോമിയുടെ മകൾ ടിന്റു ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടിന്റുവിന്റെ ഭർത്താവ് മാവടി സ്വദേശി പുത്തൻപറമ്പിൽ ജോബിൻ (38) പൊലീസ് കസ്റ്റഡിയിയിലാണ്.

ബുധനാഴ്ച രാത്രി 12ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം. വീട്ടിലെത്തിയ പ്രതി ജനൽ ചില്ലുകൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുറ്റത്തെ ഓട്ടോയും അടിച്ചുതകർത്തു. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി കിടപ്പുമുറിയിൽ എത്തി കൈയിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് ടിന്റുവിനെയും തടസ്സം പിടിക്കാനെത്തിയ ടോമിയെയും വെട്ടുകയായിരുന്നു.

12 വർഷം മുമ്പ് വിവാഹിതരായ ടിന്റുവും ജോബിനും ഒന്നരവർഷമായി പിണങ്ങി കഴിയുകയാണ്. വിവാഹമോചന കേസ് കോടതിയിലാണ്. ജോബിനുമായി അകന്ന ടിന്റു മറ്റൊരാൾക്കൊപ്പമാണ് കൗന്തിയിലെ ടിന്റുവിന്റെ വീട്ടിൽ താമസിക്കുന്നത്. സംഭവസമയം ഇയാൾ ഇറങ്ങി ഓടി അയൽവാസിയുടെ വീട്ടിൽ അഭയം തേടി. ടിന്റുവിന്റെ മാതാവും പ്രതിയുടെ രണ്ടുമക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് കൊലപാതകം.