കാസർകോട്: കാലവർഷത്തിന്റെ കുറവ് നികത്തി തിമിർത്ത് പെയ്ത് തുലാവർഷം. കാലവർഷം കുറഞ്ഞപ്പോൾ തുലാവർഷം അധിക മഴ നൽകി. ഒക്ടോബർ ഒന്നുമുതൽ നവംബർ ഒൻപതുവരെയുള്ള കണക്കിൽ 19 ശതമാനം അധികമഴ കിട്ടി. 378.9 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് 449.3 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് കൂടുതൽ മഴ പെയ്തത്. ഇവിടെ 464.2 മില്ലീമിറ്റർ ലഭിക്കേണ്ടിടത്ത് 797.7 മില്ലിമീറ്റർ മഴ പെയ്തു -72 ശതമാനം അധികം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ കൂടുതൽ മഴ കിട്ടി.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസർകോട് ജില്ലകളിൽ 20 ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ് -251.6 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 215 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കിയിൽ ഏഴ് ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ സീസണിൽ (ഒക്ടോബർ-ഡിസംബർ) മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. കാസർകോട് ജില്ലയിൽ 99 ശതമാനം മഴ ലഭിച്ചുകഴിഞ്ഞു.

സംസ്ഥാനത്ത് കാലവർഷം 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. മെയ്‌ മുതൽ ഒക്ടോബർ വരെയുള്ള കാലത്ത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് സാധാരണ കിട്ടേണ്ടതിനേക്കാൾ മഴ ലഭിച്ചത്. അതേസമയം സംസ്ഥാനത്ത് ആകെ മഴയിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തി. മെയ്‌ ഒന്നുമുതൽ നവംബർ വരെയുള്ള കണക്കിലാണ് 27 ശതമാനം കുറവ് രേഖപ്പെടുത്തിയത്.