കോട്ടയം: കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ്. സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഇല്ല. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായും പിജെ ജോസഫ് പറഞ്ഞു.

കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് കൊടുത്താൽ പിജെ ജോസഫോ, മോൻസ് ജോസഫോ തന്നെ മൽസരിക്കണമെന്ന ആവശ്യമാണ് കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ കെപിസിസിക്ക് മുന്നിൽ ഉയർത്തിയത്. ഇവർ ഇരുവരും മൽസരിച്ചില്ലെങ്കിൽ കോട്ടയത്ത് ഒരു കോൺഗ്രസുകാരൻ തന്നെ മൽസരിക്കുന്നതാവും നല്ലതെന്ന നിർദേശമാണ് കോൺഗ്രസിനുള്ളിലുള്ളത്. ഇതിനിടെയാണ് ജോസഫിന്റെ നിലപാട് വിശദീകരണം.

പിജെയോ മോൻസോ അല്ലെങ്കിൽ ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ്, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ എന്നിവരിൽ ഒരാൾ മത്സരിക്കുമെന്നാണ് കേരളാ കോൺഗ്രസ് നൽകുന്ന സൂചന. പിജെയുടെ മകൻ അപുവും പരിഗണനാ പട്ടികയിലുണ്ട്.