കണ്ണൂർ: കരുവന്നൂർ ബാങ്ക് അഴിമതി കേസിൽ വീണ്ടും പാർട്ടിയെ പ്രതിസന്ധിയിലാക്കി സ്പീക്കർ എ. എൻ ഷംസീർ. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം ആർക്കും ഇല്ലെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്നും സ്പീക്കർ അഡ്വ എ എൻ ഷംസീർ പൊതുവേദിയിൽ തുറന്നടിച്ചു.

എന്നാൽ സഹകരണ ബാങ്കുകൾക്കെതിരെ ഇപ്പോൾ നടക്കുന്ന പ്രചരണം ശരിയല്ലെന്നും ഷംസീർ പറഞ്ഞു. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടുപോയാൽ എല്ലാം മാങ്ങയും പോക്കാണെന്നരീതിയിലുള്ള പ്രചരണം ശരിയല്ലയെന്നും. സഹകരണ സ്ഥാപനങ്ങൾ ജനങ്ങളുടേതാണെന്നും അത് സംരംക്ഷിക്കാനുള്ള ഉത്തരവാദിത്തം് ജനങ്ങളുടെതാണെന്നും സ്പീക്കർ പറഞ്ഞു. പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിങ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ സഹകരണ ഇലക്ട്രിക്കൽ, പ്ലംബിങ് ആൻഡ് സാനിറ്ററീസിന്റെ കടവത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ ബാങ്കിൽ നടന്ന ക്രമക്കേടുകൾ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഏറ്റ കറുത്തപാടാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കേരളത്തിലെ വിരലിൽ എണ്ണാവുന്ന സ്ഥാപനങ്ങളിൽ നടന്ന തെറ്റായ ശീലത്തിന്റെ ഭാഗമായി സഹകരണ മേഖല ആകെ മോശമാണെന്ന് പ്രചരിപ്പിക്കുന്ന ആളുകൾ എന്തു കൊണ്ടാണ് ന്യൂജനറേഷൻ സ്ഥാപങ്ങളിലും നാഷണലൈസ്ഡ് സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിക്കുന്നതെന്നും സ്പീക്കർ ചോദിച്ചു.

കെ.പി.മോഹനൻ എംഎ‍ൽഎയുടെ അദ്ധ്യക്ഷനായി. പാനൂർ നഗരസഭാ ചെയർപേഴ്‌സൺ വി.നാസർ മാസ്റ്റർ നിക്ഷേപ സ്വീകരണം നിർവ്വഹിച്ചു.തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി സമ്മാനകൂപ്പൺ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി.അബൂബക്കർ ആദ്യവില്പന നടത്തി.കൂത്തുപറമ്പ് സഹകരണ ഇൻസ്‌പെക്ടർ കെ.കെ ആശിഷ്, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നെല്ലൂർ ഇസ്മായിൽ, എ.രാഘവൻ, വി.പി.കുമാരൻ, സി.കെ.ബി.തിലകൻ, ഇ.മനോജ് എന്നിവർ സംസാരിച്ചു.സംഘം പ്രസിഡണ്ട് കെ.രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി എ. പ്യാരി നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഓൺലൈൻ വഴി നടത്തിയ സ്റ്റാറ്റസി ടൂ സമ്മാനം നേടൂ പദ്ധതിയുടെ നറുക്കെടുപ്പ് ചടങ്ങിൽ കെ.പി.മോഹനൻ എംഎ‍ൽഎ നിർവഹിച്ചു.വിജേഷ് മൊകേരി, അശ്വന്ത് മേക്കുന്ന് എന്നിവർ സമ്മാനം നേടി