കൊച്ചി: എറണാകുളം കാക്കനാട് മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇൻഫോപാർക്ക് മേഖലയിൽ 25-ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നുവീണു. ശക്തമായ കാറ്റിൽ ഇൻഫോപാർക്ക് ബെവ്കോ ഔട്ട്ലെറ്റിൽ അലമാരകൾ മറിഞ്ഞ് 3,000-ഓളം കുപ്പികൾ താഴെവീണ് നശിച്ചു. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കനത്ത കാറ്റിൽ തൃക്കാക്കരയിലും ചുങ്കത്ത് ലൈനിലും നാശനഷ്ടമുണ്ട്. വൈദ്യുത പോസ്റ്റുകൾ തകർന്നുവീണ് റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ട നിലയിലാണ്. നിലവിൽ പ്രദേശങ്ങളിൽ കാറ്റിനും മഴയ്ക്കും ശമനമുണ്ടെങ്കിലും വരുംമണിക്കൂറിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയിൽ ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു. അതിശക്തമായ കാറ്റിൽ ഇൻഫോ പാർക്ക് ഫേസ് ടു മുതൽ സബ് സ്റ്റേഷൻ വരെയുള്ള മേഖലയിൽ മരങ്ങൾ ഒടിഞ്ഞു വീണ് 25 ഇലവൻ കെവി പോസ്റ്റുകൾ തകർന്നു. ഫയർ ഫോഴ്സ് എത്തി മരങ്ങൾ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയും ഗതാഗത കുരുക്ക് തുടർന്നു. വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ കാറ്റിൽ കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിനുള്ളിലെ അലമാരയിൽ നിന്ന് മദ്യക്കുപ്പികൾ താഴെ വീണു പൊട്ടി.