- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത വളർത്തു മകളെ പീഡിപ്പിച്ചു; 63കാരന് 109 വർഷം കഠിനതടവും 6,25,000 രൂപ പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത വളർത്തു മകളെ പീഡിപ്പിച്ച 63കാരന് 109 വർഷം കഠിനതടവും 6,25,000 രൂപ പിഴയും വിധിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി വളർത്താൻ ഏൽപ്പിച്ച തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച പന്തളം പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ തോമസ് സാമുവലിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എ.സമീർ കഠിന തടവിന് ശിക്ഷിച്ചത്.
ഒൻപതു വകുപ്പുകളിലാണ് ശിക്ഷ. അതിനാൽ മൊത്തം 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. പിഴത്തുകയായ 6,25,000 രൂപ കുട്ടിക്ക് നൽകണം. പിഴത്തുക അടയ്ക്കാത്തപക്ഷം മൂന്ന് വർഷവും രണ്ടുമാസവും കൂടി അധികശിക്ഷ അനുഭവിക്കണം. 2021-2022ൽ കുട്ടിക്ക് 12 വയസ്സുള്ളപ്പോഴാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചു.
പെൺകുട്ടിയേയും രണ്ട് സഹോദരങ്ങളേയും മാതാപിതാക്കൾ ചെറുപ്പത്തിൽത്തന്നെ ഉപേക്ഷിച്ചുപോയി. കുട്ടികളുടെ അച്ഛന്റെ അമ്മക്കൊപ്പം തമിഴ്‌നാട്ടിൽനിന്ന് എത്തി കടവരാന്തകളിൽ കഴിയുകയായിരുന്നു. തുടർന്ന് സി.ഡബ്ലു.സി ഏറ്റെടുക്കുകയും മൂന്നുകുട്ടികളെയും മൂന്നിടത്തായി വളർത്താൻ ഏൽപ്പിക്കുകയും ചെയ്തു.
ഏറ്റെടുത്ത പെൺകുട്ടിയെ തോമസ് സാമുവൽ നിരന്തരം പീഡിപ്പിച്ചു.
മലയാളം അറിയാത്ത പെൺകുട്ടിക്ക് തന്റെ ദുരവസ്ഥ ആരോടും പങ്കുവയ്ക്കാൻപോലും കഴിഞ്ഞില്ല. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ പ്രതിയുടെ ഭാര്യയ്ക്ക് സ്‌കൂട്ടറിൽനിന്ന് വീണ് പരിക്ക് പറ്റിയതോടെ നോക്കാൻ സാധിക്കില്ല എന്നുപറഞ്ഞ് പെൺകുട്ടിയെ സി.ഡബ്ലു.സിയെ തിരികെ ഏൽപ്പിച്ചു.
ഇതറിഞ്ഞ് പെൺകുട്ടിയുടെ സഹോദരനെ ദത്തെടുത്ത കുടുംബം ആ പെൺകുട്ടിയെ കൂടി ഏറ്റെടുക്കാൻ സമ്മതമാണെന്നുകാണിച്ച് സി.ഡബ്യു.സിക്ക് അപേക്ഷ നൽകി. ഈ വീട്ടിൽവെച്ച്, പെൺകുട്ടി തനിക്ക് നേരിട്ട പീഡനം ആ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ സി.ഡബ്ല്യു.സി.വഴി പന്തളം പൊലീസിൽ പരാതി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിത ജോൺ ഹാജരായി. പന്തളം സിഐ.ആയിരുന്ന എസ്.ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്.



