പാലക്കാട്: പൂട്ടിക്കിടന്ന വീടു കുത്തി തുറന്ന് മോഷണം നടത്തുന്നതിനിടെ കള്ളനെ പൊലീസ് പിടികൂടി. രാത്രി പാലക്കാട് നഗരമധ്യത്തിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവിനെ പൊലീസ് ഓടിച്ചിട്ടു പിടികൂടി. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ചെന്നൈ തിരുവല്ലൂർ രാമുവെന്ന രാമകൃഷ്ണനാണ് (34) പിടിയിലായത്. സംഘത്തിലെ മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെ മേഴ്‌സി കോളേജിനുസമീപം പി.വി.ആർ. നഗറിലെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്. മോഷണത്തിനിരയായ കുടുംബം വിദേശത്താണ്. വീട്ടുകാർ മക്കൾക്കൊപ്പം വിദേശത്ത് പോയിരുന്നതിനാൽ രണ്ട് വീടുകളും ഏതാനും മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. കള്ളന്മാർ വീട്ടിൽ പ്രവേശിച്ചതോടെ വിദേശത്തുള്ള ഇവരുടെ ഫോണിലേക്ക് എത്തിയ അലർട്ട് മെസ്സേജാണ് കള്ളന്മാർ വീട്ടിൽ കടന്നത് മനസ്സിലാക്കാൻ സഹായകമായത്. വീടിന് ഉൾവശത്ത് സ്ഥാപിച്ച സി.സി.ടി.വി.യിൽ കള്ളന്മാർ പതിഞ്ഞതോടെ ഉടമസ്ഥന്റെ ഫോണിലേക്ക് മെസേജ് എത്തുകയായിരുന്നു.

ഇവർ ഉടനെ പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിവരം വിളിച്ചറിയിച്ചു. പെട്ടെന്ന് സ്ഥലത്തെത്തിയ പാലക്കാട് ടൗൺ സൗത്ത് പൊലീസും കൺട്രോൾ പൊലീസും വീട് വളഞ്ഞ് രണ്ട് വാതിലുകളും പുറത്തുനിന്ന് പൂട്ടി. ഇതോടെ കള്ളന്മാർ ഒന്നാം നിലയുടെ വാതിൽ തുറന്ന് താഴേക്ക് മരത്തിലൂടെ ഊർന്നിറങ്ങി രക്ഷപ്പെട്ടു. കോളനിയിലെ നാലു വീടുകളുടെ മതിലുകൾ ചാടിക്കടന്നെത്തിയ കള്ളന്മാരെ പൊലീസ് സംഘം പിന്തുടർന്നു. ഒടുവിൽ രാമകൃഷ്ണനെ പിടികൂടി. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കൂട്ടുപ്രതിക്കായി രാവിലെവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കാറിലെത്തിയ മോഷ്ടാക്കൾ വാഹനം പ്രധാന റോഡിൽ നിർത്തിയാണ് കോളനിയിലെത്തിയത്. കാറും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. രണ്ട് വീടുകളിൽനിന്നുമായി പണവും വീട്ടുപകരണങ്ങളും മോഷണം പോയിട്ടുണ്ട്. മോഷണമുതലുകളുടെ ഒരു ഭാഗവും പ്രതിയിൽനിന്ന് കണ്ടെടുത്തു. കസ്റ്റഡിയിലുള്ളയാൾ ഒരു കൊലപാതക കേസിലും മുപ്പതോളം മോഷണ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഡ്രൈവർ സീനിയർ സി.പി.ഒ. രതീഷ്, സി.പി.ഒ. വിപിൻദാസ്, പാലക്കാട് കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.