- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ തെറ്റായ നയം തിരുത്തി നെൽകർഷകരെ സഹായിക്കാനുള്ള തീരുമാനമുണ്ടാകണം; പി ആർ എസ് വായ്പാ കുടിശികയുടെ കാര്യത്തിൽ ഭക്ഷ്യമന്ത്രിയുടെ വാദഗതികൾ ശരിയല്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിന്റെ തെറ്റായ നയം തിരുത്തി നെൽകർഷകരെ സഹായിക്കാനുള്ള തീരുമാനമുണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തകഴിയിൽ കുന്നുമേൽ കെ.ജി. പ്രസാദ് എന്ന കർഷകൻ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. അമ്പലപ്പുഴയിലും ഈ അടുത്ത ദിവസം ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.
കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും നെല്ലു വിളയിക്കുന്ന കർഷകർക്ക് നെല്ലെടുത്തശേഷം പണം കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. പിആർഎസ് വായ്പാ കുടിശികയുടെ പേരിൽ വായ്പ നിഷേധിക്കപ്പെടുന്നു. ഈ വിഷയത്തിൽ ഭക്ഷ്യമന്ത്രിയുടെ വാദഗതികൾ ശരിയല്ല. വസ്തുതകൾ വളച്ചൊടിക്കാതെ കർഷകരോട് മന്ത്രി നീതി പുലർത്തണം.
കേരളീയം പരിപാടിയുടെ മറവിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു. വ്യാപകമായ പണപ്പിരിവിലൂടെ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നത്.
ഇവിടെ വരുമാനം വർധിപ്പിക്കാൻ നികുതി പിരിവുകൾ ഒന്നും നടക്കുന്നില്ല. അതേസമയം അഴിമതിക്കും ധൂർത്തിനും ഒരു കുറവുമില്ല. കേന്ദ്രത്തിൽ നിന്നും കേരളത്തിന് അർഹമായ വിഹിതം ചോദിച്ചു വാങ്ങുന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തിനു മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നു. ഏഴു വർഷമായി കേന്ദ്രത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത മുഖ്യമന്ത്രിയാണ് നമ്മുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




