- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പോക്സോ കേസിൽ കുടുക്കി 19 ദിവസം ജയിലിലിട്ടു; പൊലീസുകാർക്കെതിരെ നിയമ നടപടിയുമായി സർക്കാർ ഉദ്യോഗസ്ഥൻ: കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുംവരെ പോരാട്ടം തുടരുമെന്ന് ജോമോൻ
തൊടുപുഴ: വ്യാജ പോക്സോ കേസിൽ കുടുക്കി ജയിലിൽ അടച്ച കാഞ്ഞാറിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിയുമായി കുറ്റവിമുക്തനാക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ. തന്നെ കള്ളക്കേസിൽ കുടുക്കുകയും ജയിലിൽ അടക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുംവരെ പോരാട്ടം തുടരുമെന്ന് ആർ.ഡി.ഒ. ഓഫീസിലെ ജീവനക്കാരനായ ജോമോനും ഭാര്യ ഇന്ദുവും പറയുന്നു.
ജോമോൻ തന്റെ അയൽവാസിയായ പതിനഞ്ചുവയസ്സുള്ള പെൺകുട്ടിയോടും മുത്തശ്ശിയോടും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു കേസ്. എന്നാൽ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോമോനെതിരേ കാഞ്ഞാർ പൊലീസ് കെട്ടിച്ചമച്ച കേസ് ആയിരുന്നു ഇത്. കേസ് വ്യാജമാണെന്ന് ഇടുക്കി പോക്സോ കോടതി കണ്ടെത്തുകയും ജോമോനെ വെറുതെ വിടുകയും ചെയ്തു. നിരപരാധിയായ ജോമോന് 19 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. അഭിഭാഷകരായ സി.കെ. വിദ്യാസഗാർ, ഗൗതം പുഷ്പൻ എന്നിവരാണ് ജോമോന് വേണ്ടി ഹാജരായത്.
ജോമോൻ കാറിന്റെ സ്റ്റീരിയോയിൽ ഉറക്കെ പാട്ടുവെയ്ക്കുന്നതിനാൽ തനിക്ക് പഠിക്കാൻ കഴിയുന്നില്ലെന്നുകാട്ടി പെൺകുട്ടി നൽകിയ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. ഇത് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ ജോമോനെ വിളിച്ചുവരുത്തി. ജോമോനും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും ഇരുകൂട്ടരും കേസ് കൊടുക്കുകയും ചെയ്തു. ജോമോനും ഭാര്യയും ആശുപത്രിയിൽ അഡ്‌മിറ്റായി. ഇവർ നൽകിയ കേസിനെ പ്രതിരോധിക്കാൻ പൊലീസ് പോക്സോ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നാണ് കോടതിയിൽ തെളിഞ്ഞത്.
പൊലീസുകർ സ്റ്റേഷനിൽവെച്ച് മർദിച്ചുവെന്ന് ഇന്ദു നൽകിയ കേസ് തൊടുപുഴ സി.ജെ.എം. കോടതിയിൽ നടന്നുവരികയാണ്. സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തി എന്ന പരാതിയിൽമേൽ ജോമോന്റെ പേരിൽ കാഞ്ഞാർ പൊലീസും കേസ് കൊടുത്തിട്ടുണ്ട്. അതിന്റെ വിചാരണ നടന്നുവരികയാണ്.



