ഇടുക്കി: കുത്തുകേസിൽ അഞ്ചു വർഷത്തെ ജയിൾ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് അറിഞ്ഞ് മുങ്ങിയ പ്രതിയെ 19 വർഷത്തിനുശേഷം പൊലീസ് പിടികൂടി. പടിഞ്ഞാറേ കോടിക്കുളം വെള്ളംചിറ എള്ളിൽ സാജു(57)വിനെയാണ് കിഴക്കേ കോടിക്കുളം കൊടുവേലിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കമുക് കയറ്റ തൊഴിലാളിയായി ജോലിചെയ്ത് ജീവിച്ചു വരികെയാണ് അറസ്റ്റ്.

2002-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. പിന്നീട് ജാമ്യം കിട്ടി. കുറ്റക്കാരനാണെന്ന് 2004-ൽ കോടതി കണ്ടെത്തി. അഞ്ച് വർഷവും ഒരുമാസവും തടവുശിക്ഷയും വിധിച്ചു. അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവെച്ചു. ഇതോടെ ഇയാൾ മുങ്ങി. പിന്നീട് പലസ്ഥലങ്ങളിൽ മാറിമാറി താമസിച്ചു. പൊതുപരിപാടികളിൽ പങ്കെടുത്തില്ല. എന്നാൽ, പൊലീസ് ഇയാളെ തിരയുകയായിരുന്നു. അന്വേഷണം നടക്കവെ ഇങ്ങനൊരാൾ കൊടുവേലിയിൽ കമുക് കയറ്റ തൊഴിലാളിയായി ജോലി ചെയ്യുന്നുവെന്ന് വിവരം ലഭിച്ചു. ഫോൺ നമ്പർ സംഘടിപ്പിച്ച് കമുക് കയറാനാണെന്ന് പറഞ്ഞ് പൊലീസ് വിളിച്ചു. എവിടെയുണ്ടെന്ന് മനസ്സിലായതോടെ വെളുപ്പിന് ഇയാൾ താമസിക്കുന്ന വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റി.

പ്രതിയുടെ കുത്തേറ്റ വെള്ളംചിറ സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ദീർഘനാളത്തെ ചികിത്സ വേണ്ടിവന്നു. ചികിത്സാ ചെലവിനായി വീടും പുരയിടവുംവരെ വിൽക്കേണ്ടിവന്നുവെന്ന് പൊലീസ് പറഞ്ഞു.

കാളിയാർ സിഐ. എച്ച്.എൽ.ഹണി, എസ്‌ഐ.ജിബിൻ തോമസ്, എസ്.സി.പി.ഒ. പി.കെ. ഷിജു, സി.പി.ഒ പി.ബി. ഷാൻ, ഡബ്ല്യു.സി.പി.ഒ. ആശമോൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്.