അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ ഏറ്റെടുക്കാൻ ആരുമില്ലാതെ 11 മൃതദേഹങ്ങൾ. എല്ലാം പുരുഷന്മാർ. ആരും തേടിയെത്തിയില്ലെങ്കിൽ സ്‌നേഹ സാമിപ്യമില്ലാതെ ഇവർ മണ്ണോടുചേരും.

2022 ഡിസംബർ ആറിനു മരിച്ച 66 വയസ്സുള്ള അജ്ഞാതന്മുതൽ കൂട്ടിരിപ്പുകാരില്ലാതെ ചികിത്സയിൽ കഴിയവേ ഈമാസം ആറിനു മരിച്ച കുഞ്ഞുമോൻ എന്ന 62 വയസ്സുകാരന്റെ മൃതദേഹംവരെ ഇക്കൂട്ടത്തിലുണ്ട്. ഏറ്റവുംകൂടുതൽ പഴക്കമുള്ള മൃതദേഹമുള്ളതും ആലപ്പുഴയിലാണ്.

ഒൻപതുപേരുടെ പേരും വയസ്സും മാത്രം മോർച്ചറി രേഖകളിലുണ്ട്. മൂന്നുപേർ ഊരുംപേരും തിരിച്ചറിയാത്തവരാണ്. നാലുദിവസംമുതൽ 11 മാസംവരെ പഴക്കമുള്ള മൃതദേഹങ്ങളുണ്ട്. കൂട്ടിരിപ്പുകാരില്ലാതെ വിവിധ ആശുപത്രികളിൽനിന്ന് റഫർ ചെയ്‌തെത്തുന്നവരും അവശനിലയിൽ ആംബുലൻസുകാരോ സാമൂഹികപ്രവർത്തകരോ എത്തിക്കുന്നവരുമാണ് അജ്ഞാതരുടെ പട്ടികയിലിടം നേടുന്നത്. നേരിട്ടു ചികിത്സതേടിയെത്തുന്നവരുമുണ്ട്. ആകെയുള്ള 16 ഫ്രീസറുകളിൽ 11-ലും അജ്ഞാതർ നിറഞ്ഞതിനാൽ പുതുതായെത്തുന്ന മൃതദേഹം സൂക്ഷിക്കാനിടമില്ലാത്ത അവസ്ഥയിലാണ്.

മരിച്ച് മോർച്ചറിയിലെത്തി ഒരുമാസം കഴിഞ്ഞും ഏറ്റെടുക്കാൻ ആളില്ലെങ്കിൽ ആശുപത്രിക്കാർ അമ്പലപ്പുഴ പൊലീസിൽ വിവരം നൽകും. പൊലീസ് അന്വേഷണം നടത്തി എതിർപ്പില്ലാരേഖ (എൻ.ഒ.സി.) നൽകിയാൽ കുട്ടികളുടെ പഠനാവശ്യത്തിനുവേണ്ടി മെഡിക്കൽ കോളേജ് അനാട്ടമിവിഭാഗത്തിനു കൈമാറാൻ നടപടി തുടങ്ങും.

ആരെങ്കിലും പിന്നീട് അന്വേഷിച്ചുവന്നാലോ എന്ന ഭയംമൂലം പൊലീസിന്റെ അനുമതികിട്ടാൻ വൈകാറുണ്ട്. എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചത് പഠനാവശ്യത്തിനെടുക്കില്ല. ഇവ മറവുചെയ്യാനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനമായ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിനു കത്തുനൽകുകയാണ് ചെയ്യുക.