ബെംഗളൂരു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. പാരപ്പന അഗ്രഹാരയിലാണ് സംഭവം. തുമക്കൂരു സ്വദേശിനിയായ അനുരാധ (33) ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയായ ഭർത്താവ് രാജശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തു.

അനുരാധയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ജീവനൊടുക്കിയതാണെന്നു പറഞ്ഞാണു രാജശേഖർ പാരപ്പന അഗ്രഹാര സ്റ്റേഷനിൽ എത്തിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നു രാജശേഖർ കുറ്റസമ്മതം നടത്തുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും ഒരു വർഷം മുൻപാണു പ്രണയിച്ചു വിവാഹിതരായത്. എന്നാൽ മറ്റൊരു യുവതിയുമായി രാജശേഖർ അടുപ്പത്തിലായി. ഇതേ ചൊല്ലി നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.