- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 ലക്ഷം രൂപ ചെലവിട്ട് കസ്റ്റംസ് പുതുതായി സ്ഥാപിച്ച ആധുനിക എക്സറേ സംവിധാനങ്ങളും മറികടന്ന് ഏയർപോർട്ടിന് പുറത്തെത്തിയ ഷഫീഖിനെ കുടുക്കിയത് പൊലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട
മലപ്പുറം: അബുദാബിയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. ഒരു യാത്രക്കാരനേയും സ്വർണം സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടുന്ന 35-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് (34) ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വർണം സഹിതം എയർപോർട്ടിന് പുറത്തുവെച്ച് പൊലീസിന്റെ പിടിയിലായത്. സ്വർണം കാപ്സ്യൂളുകൾ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്.
70 ലക്ഷം രൂപ ചെലവിട്ട് കസ്റ്റംസ് പുതുതായി സ്ഥാപിച്ച ആധുനിക എക്സറേ സംവിധാനങ്ങളും മറികടന്ന് ഏയർപോർട്ടിന് പുറത്തെത്തിയ ഷഫീഖിനെ മലപ്പുറം ജില്ലാ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
ആശുപത്രിയിലെത്തിച്ച് മെഡിക്കൽ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഷഫീഖിന്റെ വയറിനകത്ത് നാല് കാപ്സ്യൂളുകൾ കാണപ്പെട്ടത്. ശേഷം ഷഫീഖ് കടത്തികൊണ്ടുവന്ന സ്വർണം സ്വീകരിക്കാൻ എയർപോർട്ടിലെത്തി കാത്തുനിന്ന തിരൂരങ്ങാടി സ്വദേശി റഫീഖ് (40)നെ പൊലീസ് തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു. റഫീഖ് വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സംഘത്തിൽപ്പെട്ട റഫീഖിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
സ്വർണ കള്ളക്കടത്ത് സംഘങ്ങളും സ്വർണ കവർച്ചാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ മരിക്കാനിടയായ രാമനാട്ടുകര സംഭവത്തിന് ശേഷമാണ് കോഴിക്കോട് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങളെ അമർച്ചചെയ്യാൻ പൊലീസ് നേരിട്ടിറങ്ങിയത്.



