കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധി ശിശു ദിനത്തിൽ. കേസിൽ ബിഹാർ സ്വദേശി അസ്ഫാക്ക് ആലമാണ് ഏക പ്രതി. പരമാവധി ശിക്ഷ പ്രതിക്ക് കോടതി നൽകുമെന്നാണ് വിലയിരുത്തൽ. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിശുദിനത്തിൽ ശിക്ഷ പറയുന്നത്.

പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന് സമീപം ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്.

ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടായത്. ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്തുകൊന്ന കേസിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. നൂറ് ദിവസത്തിനുള്ളിൽ വിചാരണ അടക്കം നടത്തി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിച്ചു.

30 ദിവസത്തിനുള്ളിൽ കുറ്റപത്രം വന്നു. ഒക്ടോബർ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മിന്നൽ വേഗത്തിൽ വിധി പറയുന്നത്. ബിഹാർ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷ വരെ ലഭിക്കാം. എല്ലാ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്.