കൽപ്പറ്റ: ചെങ്കല്ലുമായി വന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ഗോവിന്ദന്റെ മകൻ ദിലീപ് കുമാർ (53) ആണ് മരിച്ചത്.

വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടിൽ ഞായറാഴ്ച 11ഓടേയായിരുന്നു അപകടം. നിർമ്മാണ ആവശ്യത്തിനുള്ള ചെങ്കല്ലുമായി വന്ന ലോറി റോഡിന്റെ അരിക് ഇടിഞ്ഞ് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർ സീറ്റിൽനിന്ന് പുറത്തേക്ക് വീണ ദിലീപ് കുമാർ ചെങ്കല്ലുകൾക്കടിയിൽപെടുകയായിരുന്നു. ഏറെനേരം പാടുപെട്ടാണ് നാട്ടുകാർ കല്ലുകൾക്കടിയിൽ നിന്ന് ദിലീപിനെ രക്ഷപ്പെടുത്തിയത്.

തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.