കാസർകോട്: മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ പറന്നു നടന്ന കള്ളൻ ബൈക്ക് ഉടമയ്ക്ക് നൽകിയത് എട്ടിന്റെ പണി. ഹെൽമറ്റ് ഇല്ലാതെ ബൈക്കുമായി പായുന്ന കള്ളൻ ഉണ്ടാക്കി വച്ച ബാധ്യത തീർക്കാൻ ബൈക്ക് ഉടമ ഇനി മോട്ടോർ വാഹന വകുപ്പിന് ഒരു ബൈക്കിന്റെ വില കൂടി നൽകണം. ഉടമയ്ക്കാകട്ടെ ഓരോ ദിവസവും മോട്ടർ വാഹനവകുപ്പിൽ നിന്ന് പിഴയടയ്ക്കാൻ നോട്ടിസും ലഭിച്ചു കൊണ്ടിരിക്കുകയാണ്. 9,500 രൂപയാണ് കഴിഞ്ഞ ദിവസം വരെ ഇദ്ദേഹത്തിന് പിഴയായി ലഭിച്ചത്.

ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്‌കരനാണ് ബൈക്ക് മോഷണം പോയതിനു പിന്നാലെ 'കള്ളന്റെ വക' എട്ടിന്റെ പണിയും കിട്ടിയത്. കഴിഞ്ഞ ജൂൺ 27നാണ് കള്ളൻ ബൈക്കുമായി കടന്നത്. കാഞ്ഞങ്ങാട് പുതിയകോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഭാസ്‌കരന്റെ കെഎൽ 14 എഫ് 1014 നമ്പർ ബൈക്ക് മോഷണം പോയത്.

കൊച്ചിയിൽ ബിഎംഎസ് സമ്മേളനത്തിനു പോയ ഭാസ്‌കരൻ ജൂൺ 30ന് തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. ഉടൻ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. എന്നാൽ ബൈക്ക് ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. മോഷ്ടിച്ച ബൈക്കിൽ പുതിയകോട്ട മുതൽ കോഴിക്കോട് വരെ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചപ്പോൾ 5 സ്ഥലങ്ങളിൽ റോഡ് ക്യാമറയിൽ കുടുങ്ങി. 500, 1000 രൂപ വീതം പിഴയടക്കാനാണ് ഭാസ്‌കരന് നോട്ടിസ് ലഭിച്ചത്. തുടർന്ന് ഭാസ്‌കരൻ വകുപ്പിന്റെ സൈറ്റ് പരിശോധിച്ചപ്പോൾ പിഴത്തുക 9,500 രൂപയായി ഉയർന്നതായും വ്യക്തമായി.

ഇതോടെ ഭാസ്‌കരൻ വീണ്ടും പൊലീസിനെ സമീപിച്ചു. ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എഐ ക്യാമറകളിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഓരോ സ്ഥലത്തും യുവാവിനൊപ്പമുള്ള പിൻസീറ്റ് യാത്രക്കാർ മാറുന്നുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണു പൊലീസ്. 'ബൈക്ക് മോഷ്ടിച്ചു, ഹെൽമറ്റ് ധരിച്ച് ഓടിച്ചുകൂടേ' എന്നാണു ഭാസ്‌കരന്റെ ചോദ്യം.