- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസ്സുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്‌കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
ആലപ്പുഴ: ഈരാറ്റുപേട്ട സ്വദേശിയായ അഞ്ചു വയസ്സുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ സ്‌കൂട്ടർ ഉടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥികളാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. ആലപ്പുഴ കോൺവന്റ് സ്‌ക്വയറിൽ ഇക്കഴിഞ്ഞ ദിവസമാണ് സംഭവം.
സ്‌കൂട്ടർ ഓടിച്ച വിദ്യാർത്ഥികൾക്കെതിരെ ജുവനൈൽ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടർ ഓടിച്ചിരുന്ന വിദ്യാർത്ഥിയുടെ സഹപാഠിയുടെ അമ്മയുടെ സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സഹപാഠികളായ കുട്ടികൾ ഡോക്യുമെന്ററി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്‌കൂട്ടറുമായി പോയപ്പോഴാണ് അപകടം ഉണ്ടായത്. നിർത്താതെ പോയ സ്‌കൂട്ടർ സിസിടിവി പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കൽ പുതുപ്പറമ്പ് ഫാസിൽ-ജിസാന ദമ്പതികളുടെ മകൾ ഫൈഹ ഫാത്തിമയെ(5) യാണ് കോൺവന്റ് സ്‌ക്വയറിന് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നിൽ വച്ച് സ്‌കൂട്ടർ ഇടിച്ചത്. അതേസമയം സ്‌കൂട്ടറല്ല, പിന്നിൽ ഇരുന്നയാളുടെ കാലാണ് കുട്ടിയുടെ ദേഹത്തു തട്ടിയതെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞു.
അപകട വിവരം വീട്ടിൽ അറിയിക്കാതിരുന്ന കുട്ടികൾ ഇന്നലെ രാവിലെ വാർത്ത കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് സത്യം പറഞ്ഞത്. തുടർന്നു പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെന്നു വീട്ടുകാർ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ ഫൈഹ ഫാത്തിമയുടെ മൃതദേഹം ഈരാറ്റുപേട്ടയിൽ എത്തിച്ച് പുത്തൻപള്ളിയിൽ കബറടക്കി.



