നെടുമ്പാശ്ശേരി: ഫേസ്‌ക്രീം ബോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 34.65 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഖത്തർ എയർവേയ്സ് വിമാനത്തിൽ ഇറ്റലിയിൽ നിന്നു ദോഹ വഴി എത്തിയ കണ്ണൂർ സ്വദേശിനി ജോസിയാണ് 640 ഗ്രാം സ്വർണവുമായി പിടിയിലായത്. നാല് സ്വർണവളയങ്ങളാണ് ഇവർ കടത്തിക്കൊണ്ടുവന്നത്. സ്വർണവളയങ്ങൾ ക്രീം ബോക്സിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഗ്രീൻ ചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇവരുടെ ബാഗ് സംശയം തോന്നി തുറന്നുപരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.