കട്ടപ്പന: പാക്കിസ്ഥാൻ നിർമ്മിത ഫെയർനെസ് ക്രീം ഇടുക്കി ജില്ലയിൽ വിൽപ്പനയ്ക്ക്. മതിയായ രേഖകൾ ഇല്ലാതെയാണ് പാക്കിസ്ഥാൻ നിർമ്മിത ഫെയർനെസ് ക്രീം 'ഫായിസ' ഇടുക്കി ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ആരോഗ്യത്തിന് അപകടകരമായ അളവിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പാക്കിസ്ഥാനിൽ നിരോധിച്ച ക്രീമാണ് ഇത്. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഇടുക്കിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഈ ക്രീമുകൾ പിടിച്ചെടുത്തു.

ഡ്രഗ്‌സ് കൺട്രോൾ ഇന്റലിജൻസ് ഈ ആഴ്ച നടത്തിയ പരിശോധനയിലാണ് പലയിടത്തുനിന്ന് ക്രീം പിടിച്ചെടുത്തത്. കേസെടുത്ത് തുടർനടപടി ആരംഭിച്ചതായി ജില്ലാ ഡ്രഗ്‌സ് കൺട്രോൾ ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ് അറിയിച്ചു. കൊച്ചിയിൽനിന്നാണ് ഇത്തരം ക്രീമുകൾ എത്തുന്നതെന്ന് വ്യാപാരികൾ മൊഴി നൽകി. എന്നാൽ, ഇത് പാക്കിസ്ഥാൻ നിർമ്മിതമാണെന്നോ അവിടെ നിരോധിച്ചിട്ടുണ്ടെന്നോ ഒന്നും വ്യാപാരികൾക്ക് അറിയില്ല. ബ്രാൻഡഡ് ക്രീമുകളേക്കാൾ ലാഭം കിട്ടുന്നതിനാൽ വിൽപ്പന നടത്തുന്നുവെന്നാണ് ഇവർ പറയുന്നത്.

ഇതേപോലെ മുൻനിര കമ്പനികളുടേത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഇടുക്കി ജില്ലയിൽ കൂടുതൽ എത്തുന്നുണ്ട്. ഷേവിങ് ലോഷൻ, ടാൽക്കംപൗഡർ, ബോഡി സ്‌പ്രേ, ലിപ്സ്റ്റിക്, മുഖം വെളുക്കാനുള്ള ക്രീം തുടങ്ങിവ ഇതിൽ ഉൾപ്പെടും.

ഇവയിലൊക്കെ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുണ്ട്. ഇവ അലർജിക്കും തൊലിപ്പുറത്തെ അർബുദത്തിനും കാരണമാകും. വ്യാജ സൗന്ദര്യ വർധക വസ്തുകൾ ഉപയോഗിച്ച് ജില്ലയിൽ ആരെങ്കിലും ചികിത്സ തേടിയതായി അറിയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൽ. മനോജ് അറിയിച്ചു. ഇവയുടെ ഉപയോഗംകൊണ്ട് കിഡ്‌നി-കരൾ രോഗങ്ങൾ, അലർജി തുടങ്ങിയവ ഉണ്ടാകാമെന്ന് അദ്ദേഹം അറിയിച്ചു.